കോട്ടയം: സഹകരണ സംഘങ്ങള്‍വഴി നോട്ട് ബുക്ക് വിതരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് സഹകരണ രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃക്കൊടിത്താനം സര്‍വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ജില്ലകളിലെയും പ്രാഥമിക സംഘങ്ങളില്‍ എത്തിച്ചിട്ടുള്ള നോട്ട്ബുക്കുകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പങ്കാളിത്തത്തോടെയാണ് വിതരണം ചെയ്യുക.നിർധനരായ വിദ്യാര്‍ഥികള്‍ക്ക് ബുക്കുകള്‍ നല്‍കുന്നതിന് 'മുറ്റത്തെ മുല്ല' പദ്ധതിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തും.കുറഞ്ഞ വിലയ്ക്ക് മെച്ചപ്പെട്ട പഠനോപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ ലഭ്യമാക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണിതെന്ന് മന്ത്രി പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജനങ്ങളുടെ മുന്നില്‍ സഹായഹസ്തവുമായി ഓടിയെത്തുന്ന സംവിധാനമാണ് സഹകരണ മേഖല. ഭവനരഹിതര്‍ക്കായി രണ്ടായിരത്തില്‍പരം വീടുകള്‍ നിര്‍മിച്ചു കൈമാറിയ സഹകരണ പ്രസ്ഥാനം പ്രളയക്കെടുതിയിലും സമാശ്വാസവുമായി നമുക്കൊപ്പമുണ്ടായിരുന്നു.
കൊവിഡ് പ്രതിരോധം, ചികിത്സ, ദുരിതാശ്വാസം തുടങ്ങിയ മേഖലകളിലും സമാനതകളില്ലാത്ത സേവനം തുടരുന്നു. സഹകരണ മേഖലയെ കൂടുതല്‍ ശാക്തീകരിക്കുന്നതിന് പൊതുജനങ്ങളുടെ പിന്തുണ വേണ്ടതുണ്ട്. കേരള ബാങ്കില്‍ നിക്ഷേപിക്കുന്ന പണം കേരളത്തിലെ ജനങ്ങള്‍ക്കും നാടിന്‍റെ സമഗ്ര പുരോഗതിക്കും വേണ്ടിയാണെന്ന ബോധ്യം നമുക്കുണ്ടാകണം. ഭാവിയില്‍ കേരള ബാങ്കിനെ സംസ്ഥാനത്തെ മുന്‍നിര ധനകാര്യ സ്ഥാപനമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
തൃക്കൊടിത്താനം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് സതീഷ് ചന്ദ്രബോസ് മന്ത്രിയില്‍ നിന്ന് ബുക്കുകള്‍ ഏറ്റുവാങ്ങി. കണ്‍സ്യൂമര്‍ ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്.കെ. സനല്‍, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുവര്‍ണ്ണകുമാരി, ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, ചങ്ങനാശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റ് എ.വി. റസല്‍, കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ പ്രമോദ് ചന്ദ്രന്‍, എ.കെ. സജിനികുമാരി എന്നിവര്‍ പങ്കെടുത്തു. ജോബ് മൈക്കിള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു