കോട്ടയം: കോടികൾ മുടക്കി നിർമിച്ച കുമരകം നാലു പങ്കിലെ ബോട്ട് ടെർമിനൽ വെറും നോക്കുകുത്തിയാകുന്നതായി പരാതി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം നടത്തി ബോട്ടുകൾ പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയെങ്കിലും ബോട്ടുടമകളടെ ടെർമിനൽ ബഹിഷ്ക്കരണമാണ് തിരിച്ചടിയായത്.
ഉത്തരവാദിത്വ ടൂറിസം മേഖലക്ക് മുതൽകൂട്ടായി മൂന്നരക്കോടി രൂപ മുതൽ മുടക്കിലായിരുന്നു ബോട്ട് ടെർമിനലിന്‍റെ നിർമാണം. കുമരകത്തിന്‍റെ വടക്കൻ പ്രദേശങ്ങളിൽ ഒതുങ്ങി നിന്ന ടൂറിസത്തെ തെക്കൽ മേഖലയിലേക്കും സമീപ ജില്ലയിലേക്കും വ്യാപിപ്പിക്കാൻ കഴിയുമെന്നതായിരുന്നു ടെർമിനൽ നിർമാണത്തിന്‍റെ പിന്നിലെ ഉദേശം. എന്നാൽ വേണ്ടത്ര പഠനം നടത്താതെയാണ് ടെർമിനൽ നിർമിച്ചതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. മുഴുവന്‍ സമയവും കായലിൽ കാറ്റുള്ളതിനാൽ നാലു പങ്കിൽ ബോട്ട് അടുപ്പിക്കാനാവില്ലെന്നാണ് ടൂറിസ്റ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പറയുന്നത്.
ബോട്ടുകൾ പുറകിലേക്കെടുക്കുമ്പോൾ കാറ്റു പിടിച്ച് ബോട്ടിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഇവർ പറയുന്നു. മൂന്ന് വർഷം കൊണ്ട് ഡി.ടി.പി.സിയാണ് ടെർമിനലിന്‍റെ നിർമാണം പൂർത്തിയാക്കിയത്. ഫിഷറീസ് വകുപ്പിന്‍റെ മത്സൃ പ്രജനന കേന്ദ്രം പൊളിച്ചായിരുന്നു ടെർമിനലിന്‍റെ നിർമാണം.