കോട്ടയം: ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന മുഴുവൻ പേർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ദേശീയ സാക്ഷരത മിഷൻ നടപ്പാക്കുന്ന 'ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം' ജില്ലയിൽ 11 ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കും. ജില്ലയിലെ 11 ബ്ലോക്കുകളിൽ നിന്ന് ഓരോ ഗ്രാമപഞ്ചായത്തുകൾ വീതം തിരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. കുമരകം, വിജയപുരം, തൃക്കൊടിത്താനം, കുറവിലങ്ങാട്, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, കടനാട്, കടുത്തുരുത്തി, ഉദയനാപുരം, പാമ്പാടി, പൂഞ്ഞാർ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.
ആദിവാസി വിഭാഗങ്ങൾ, ട്രാൻസ്ജെൻഡർ-ക്വീർ വിഭാഗങ്ങൾ, തീരദേശങ്ങളില്‍ ഉള്ളവർ, ന്യൂനപക്ഷങ്ങൾ, കശുവണ്ടി ഫാക്‌ടറി തൊഴിലാളികൾ, തൊഴിലുറപ്പ്-കുടുംബശ്രീ പ്രവർത്തകർ തുടങ്ങി വിവിധ മേഖലയില്‍ ഉള്ളവർക്കാണ് പദ്ധതി പ്രയോജനപ്പെടുക. അഞ്ചു വർഷം കണക്കാക്കിയുള്ള സാക്ഷരത പദ്ധതിയിൽ അടിസ്ഥാനസാക്ഷരത, ഗണിതം, ജീവിത നൈപുണ്യ വികസനം, തൊഴിലധിഷ്‌ഠിത നൈപുണ്യ വികസനം, തുടർവിദ്യാഭ്യാസം എന്നിവയെല്ലാം ഉൾപ്പെടും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാതലത്തിൽ തുടങ്ങുന്ന 101 അംഗ സംഘാടക സമിതിയിൽ മന്ത്രി, എംപിമാർ, എംഎൽഎമാർ, എംജി സര്‍വകലാശാല വൈസ് ചാൻസലർ എന്നിവർ രക്ഷാധികാരികളാവും.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ചെയർപേഴ്‌സണും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വൈസ് ചെയർപേഴ്‌സണുമാവും. ജില്ല കലക്‌ടർ ചീഫ് കോർഡിനേറ്ററും സാക്ഷരതാമിഷൻ ജില്ല കോ-ഓർഡിനേറ്റർ കൺവീനറുമായിരിക്കും. ജില്ലയിൽ ആദ്യ ഘട്ടത്തിൽ 1500 നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കാനാണ് പദ്ധതിയിടുന്നത്.
800 ന്യൂനപക്ഷ വിഭാഗക്കാർ, 520 ജനറൽ വിഭാഗക്കാർ, 170 പട്ടികജാതി വിഭാഗക്കാർ, 10 പട്ടികവർഗക്കാർ എന്നിങ്ങനെയാണ് ആളുകളെ കണ്ടെത്തി പദ്ധതിയിൽ പങ്കാളികളാക്കാൻ ഉദ്ദേശിക്കുന്നത്.