കോട്ടയം: കൂടുതൽ ആളുകൾ തങ്ങൾക്കൊപ്പം വരുമെന്ന മോൻസ് ജോസഫിന്റെ അവകാശ വാദം തള്ളി കേരള കോണ്‍ഗ്രസ് നേതാവും ഗവ. ചീഫ് വിപ്പുമായ ഡോ.എൻ. ജയരാജ്. ജോസഫ് ഗ്രൂപ്പിന്‍റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോവുന്ന കാര്യം അവർക്ക് വൈകാതെ മനസിലാവുമെന്ന് ജയരാജ് പറഞ്ഞു. എതിർ വിഭാഗം മനഃപൂർവം തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് എം.എൽ.എമാരും എം.പിയും നിരവധി ജനപ്രതിനിധികളുമുള്ള കേരള കോൺഗ്രസ് എമ്മിലേക്കാണ് ആളുകൾ വന്നുചേരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവർ പാർട്ടിയിൽ ചേരാൻ താല്‍പര്യം പ്രകടിപ്പിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും ജയരാജ് പറഞ്ഞു.
ALSO READ: കോണ്‍ക്രീറ്റ് പാളികള്‍ അടർന്നുവീഴുന്നു; കോട്ടയം കെഎസ്ആർടിസി ഡിപ്പോ നവീകരിക്കണമെന്ന് ആവശ്യം
ഇടതുമുന്നണിക്കൊപ്പം നിൽക്കുമ്പോഴാണ് പാർട്ടിക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുള്ളതെന്നും ജയരാജ് ചൂണ്ടിക്കാട്ടി. 24 വർഷം യു.ഡി.എഫിൽ തുടരുന്ന അനൂപ് ജേക്കബിന്‍റെ പാർട്ടിക്ക് രണ്ടാമതൊരു സീറ്റ് കൂടി നൽകാൻ അവർ തയാറായിട്ടില്ല. ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിക്കുന്ന വ്യക്തികൾക്കും കൂട്ടങ്ങൾക്കും കേരള കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാമെന്നും ജയരാജ് വ്യക്തമാക്കി.