കോട്ടയം : പുസ്തകശാലയ്‌ക്കൊപ്പം ചിത്രകലാ മ്യൂസിയവും തുറന്നുകൊടുക്കാനൊരുങ്ങി കോട്ടയം സി.എം.എസ് കോളജ് (CMS Collage). നിലവിൽ കോളജിൽ പ്രവർത്തിച്ചുവരുന്ന പുസ്തകശാലക്കാെപ്പം തന്നെ 'മ്യൂസിയം ആന്‍ഡ് ആർക്കേഡ്സ്' എന്ന പേരിലാണ് ചുമർചിത്രങ്ങൾ ഒരുങ്ങുന്നത്.
കോളജിന്‍റെ ചരിത്രം പറയുന്നവയാണ് ചുമര്‍ ചിത്രങ്ങള്‍ (Mural Painting). ക്ലാസ് റൂം പഠനത്തിനപ്പുറം വിദ്യാർഥികളിലെ കലാവാസന വളർത്താനും ചിന്തിപ്പിക്കാനും പദ്ധതിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിൻസിപ്പൽ ഡോ. വർഗീസ് ജോഷ്വ പറഞ്ഞു.
ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിലെ ചിത്രകലാ വിഭാഗം തലവനായ സാജു തുരുത്തിൽ അടക്കമുള്ള നിരവധി കലാകാരൻമാര്‍ ചേര്‍ന്നാണ് ചിത്രരചന. മൂന്ന് ഘട്ടങ്ങളിലായാണ് 'മ്യൂസിയം ആന്‍ഡ് ആർക്കേഡ്‌സ്' കലാലയത്തിൽ ഒരുങ്ങുന്നത്.
Also Read: കലാലയ മുത്തശ്ശിയുടെ വിവിധ ഭാവങ്ങൾ, സുന്ദര ചിത്രങ്ങളായി സിഎംഎസ്: ശ്രദ്ധ നേടി ചിത്രപ്രദർശനം
ആദ്യഘട്ടത്തിന്‍റെ ഭാഗമായി വിവിധ ചിത്രകാരൻമാരിൽ നിന്ന് ശേഖരിച്ച നൂറ്റമ്പതോളം ചിത്രങ്ങൾ ലൈബ്രറിയിൽ പ്രദർശിപ്പിക്കും. രണ്ടാംഘട്ടത്തിന്‍റെ ഭാഗമായാണ് ഇപ്പോൾ ലൈബ്രറിയിൽ മ്യൂറൽ ചുമർചിത്രങ്ങൾ വിവിധ കലാകാരന്മാർ ചേർന്ന് ഒരുക്കുന്നത്.
മൂന്നാംഘട്ടത്തിന്‍റെ ഭാഗമായി ക്യാമ്പസിന്‍റെ വിവിധ ഭാഗങ്ങളിലായി ആറ് ശില്‍പ്പങ്ങൾ ഒരുക്കാനാണ് കോളജ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.