കോട്ടയം : മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നത് മണ്ടത്തരമെന്ന് സമര സമിതി മുൻ ചെയർമാൻ പ്രൊഫസർ സി.പി റോയി. പുതിയ ഡാം കൂടുതൽ പ്രശ്‌നങ്ങൾ വരുത്തിവയ്‌ക്കും. ഡാമിനുള്ളിൽ ടണൽ നിർമിച്ച് ജലം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാമെന്ന ആശയം സുപ്രീംകോടതി തത്വത്തിൽ പരിഗണിച്ച സാഹചര്യത്തിൽ അതിന് സർക്കാർ മുൻകൈയെടുക്കണമെന്നും സി.പി റോയി ആവശ്യപ്പെട്ടു.
ടണൽ നിർമിക്കുന്നത് വഴി 56 അടി വെള്ളം തമിഴ്‌നാടിന് കൂടുതൽ കിട്ടും. നിലവിലെ ടണൽ 106 അടി ഉയരത്തിലാണ്. 50 മീറ്റർ ഉയരത്തിൽ പുതിയ ടണൽ നിർമിച്ചാൽ വെള്ളം ഒഴുകി പോകുകയും അപകട ഭീഷണി ഒഴിവാകുകയും ചെയ്യും. ലോകമെമ്പാടും ഇതാണ് ചെയ്യുന്നത്.
Also Read: പന്തീരങ്കാവ് യു.എ.പി.എ: 'പൊലീസ് കേന്ദ്രസര്‍ക്കാരിന് അനുകൂലമായി'; വിമര്‍ശനവുമായി കാനം
ഇപ്പോൾ 16 ടിഎംസി ജലം കെട്ടിനിർത്തുമ്പോൾ പുതുതായി നിർമിക്കുന്ന ഡാമിൽ 20 ടിഎംസി ജലം കെട്ടി നിർത്തേണ്ടി വരും. അമ്പത് അല്ലെങ്കിൽ 100 വർഷം കഴിയുമ്പോൾ ഡാമിൽ ഇപ്പോഴുള്ളതിനെക്കാൾ അപകട സാധ്യത കൂടും. കൂടുതൽ ഉയരത്തിലും നീളത്തിലും പുതിയ ഡാം നിർമിക്കേണ്ടിവരും. അതിനാൽ പുതിയ ഡാം പ്രായോഗികമല്ലെന്ന് സർക്കാർ മനസിലാക്കണമെന്നും സി.പി റോയി അഭ്യർഥിച്ചു.