കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പാർക്കിങ് ഏരിയയിലെ കാറിന്‍റെ ചില്ലുപൊട്ടിച്ച് മോഷണം നടത്തിയ കേസിൽ പ്രതി പിടിയില്‍. ഇടുക്കി വണ്ടിപ്പെരിയാർ ഡയിമുക്ക് എസ്റ്റേറ്റ് സ്വദേശിയായ സുരേഷ് കുമാറിനെയാണ് (34) പൊൻകുന്നം പൊലീസ് അറസ്റ്റുചെയ്‌തത്. പീരുമേട് സ്വദേശി ഹെന്‍ട്രിക്കിന്‍റെ കാറിന്‍റെ ചില്ലുപൊട്ടിച്ച് 3,000 രൂപ അടങ്ങിയ പേഴ്‌സാണ് ഇയാള്‍ മോഷ്‌ടിച്ചത്.
പിതാവിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഹെന്‍ട്രിക് ഇടുക്കിയിൽ നിന്നും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയില്‍ വിദഗ്‌ധ ചികിത്സക്കെത്തിയത്. ഇയാളുടെ പരാതിയെ തുടര്‍ന്ന് പൊൻകുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലാണ് രണ്ടുമണിക്കൂറുകൊണ്ട് പ്രതിയെ പിടിച്ചത്.
ഇയാള്‍ക്കെതിരെ പീരുമേട് സ്റ്റേഷനിൽ നിലവില്‍ മോഷണക്കേസുണ്ട്. പൊൻകുന്നം സ്റ്റേഷൻ എസ്‌എച്ച് രാജേഷ് എൻ, എസ്‌ഐ അമ്സു, എഎസ്‌ഐമാരായ രാജേഷ്, ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.