കോട്ടയം: മംഗളാദേവി ക്ഷേത്രം കേരളത്തിന് പൂർണമായി വിട്ടുകിട്ടുന്നതിന് സർക്കാർ ഇടപെടണമെന്ന് മഹാക്ഷേത്ര ക്ഷത്രിയ ചേരമർ സമാജം ആവശ്യപ്പെട്ടു. കേരളത്തിന് പൂർണാവകാശമുള്ളതും മഹാ ക്ഷേത്ര ക്ഷത്രിയ ചേരമർ സമൂഹത്തിന്‍റെ കുല ദൈവ പ്രതിഷ്‌ഠയായ മഹാനായ ചക്രവർത്തി ചേരൻ ചെങ്കുട്ടുവൻ സൃഷ്‌ടിച്ച ക്ഷേത്രം പൂർണമായും കേരളത്തിലെ ഹിന്ദു ക്ഷത്രിയ ചെരമർ സമൂഹത്തിന്‍റെ സ്വത്വ സൃഷ്‌ടിയാണെന്നും സമാജം പറഞ്ഞു. 30.11.2022ൽ തമിഴ്‌നാട് സർക്കാരിന്‍റെ തമിഴ്‌നാട് ഹിന്ദു റിലീജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്റോൺമെന്‍റ് വകുപ്പ് എച്ച്ആര്‍&സിഇ ക്ഷേത്രം ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നു.
സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും ക്ഷേത്രം സ്ഥിതി ചെയ്യുന്ന പീരുമേട് താലൂക്കിൽ പീരുമേട് മുൻസിഫ് കോടതിയിലും മംഗളാദേവി ക്ഷേത്രം പൂർണമായും ക്ഷേത്ര ട്രസ്റ്റിന് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ കേസ് നടന്നുവരികയാണ്. ഈ സാഹചര്യത്തിൽ കേരള സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് മംഗളാദേവി ക്ഷേത്രം കേരളത്തിലെ ഹിന്ദു സമൂഹത്തിന് പൂർണമായി കിട്ടാനുളള നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേരള ഹൈക്കോടതി 2016ൽ ഈ ക്ഷേത്രത്തിലെ ഉത്സവം, ചടങ്ങുകൾ എംകെസിഎസ് (മഹാക്ഷേത്ര, ക്ഷത്രിയ ചേരമർ സമാജവും ) മംഗളാദേവി ക്ഷേത്ര ട്രസ്റ്റ് നടത്തണമെന്ന് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളതാണ്. എന്നാൽ, അധികാരികളും ജില്ലാ ഭരണകൂടവും ഈ സമൂഹത്തിന്‍റെ ആവശ്യങ്ങളോടു മുഖം തിരിക്കുന്ന സമീപനമാണ് തുടർന്നു വരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ക്ഷത്രിയ ചേരമർ സമൂഹത്തോട് സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ എംകെസിഎസ് ശക്തമായ പ്രതിഭ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും സമാജം അറിയിച്ചു.