കോട്ടയം : അയർക്കുന്നത് 15 കാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അജേഷിന് ജീവപര്യന്തവും പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകുമെന്നും കോടതി നിർദേശിച്ചു. മണർകാട് അരീപറമ്പ് ചേലക്കുന്നേൽ അജേഷ് സിടിയെയാണ് അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത് (Minor Girl Rape And Murderd Accused Gets Life Imprisonment).
ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് ജീവപര്യന്തവും, ഐപിസി 376, പോക്സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും, ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് 3 വർഷവും, ഐപിസി 342 പ്രകാരം അന്യായമായി തടങ്കലിൽ വച്ചതിന് ആറ് മാസവും തടവ് അനുഭവിക്കണം. പിഴയായി രണ്ടര ലക്ഷം രൂപയും അടയ്ക്കണം.
2019 ജനുവരി 17 നായിരുന്നു കേസിനാസ്‌പദമായ സംഭവം. പെൺകുട്ടിയുടെ പിതാവിന്‍റെ സുഹൃത്തായ അജേഷ് വീട്ടിലെത്തിയാണ് കുട്ടിയുമായി പരിചയത്തിലായത്. തുടർന്ന് കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും ആയിരുന്നു. സംഭവ ദിവസം കുട്ടിയെ ഫോണിൽ വിളിച്ച പ്രതി കുട്ടിയുടെ ഫോട്ടോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി തന്‍റെ താമസസ്ഥലത്തേക്ക് ക്ഷണിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടി ഓട്ടോറിക്ഷയിൽ സ്ഥലത്ത് എത്തുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിൽ ആയ പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്‌തു. പീഡനത്തിനിടെ ചെറുത്തുനിൽക്കാൻ ശ്രമിച്ച കുട്ടിയെ കഴുത്തിൽ ഷോളും കയറും മുറുക്കി പ്രതി കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് മൃതദേഹം പ്രതി താമസിക്കുന്ന ഹോളോബ്രിക്‌സ് കളത്തിലെ മുറിക്കുള്ളിൽ സൂക്ഷിച്ചു. തുടർന്ന് മുറിക്കുള്ളിൽ നിന്നും രാത്രി വൈകി മൃതദേഹം പുറത്തെടുത്ത് സമീപത്തെ കുഴിയിൽ ഇട്ട് മണ്ണിട്ട് മൂടുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം എസ്ഐ ആയിരുന്ന അനൂപ് ജോസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇൻസ്പെക്‌ടർമാരായ ടിആർ ജിജു, അനൂപ് ജോസ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എംഎൻ പുഷ്ക്കരൻ കോടതിയിൽ ഹാജരായി.
15 കാരിക്ക് നേരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം: തിരുവനന്തപുരത്ത് മാനസിക വെല്ലുവിളി നേരിടുന്ന 15 കാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിയായ മുടവൻമുകൾ തമലം പൊറ്റയിൽ വീട്ടിൽ പ്രഭാത് കുമാർ എന്ന പ്രഭൻ (64) നെ 52 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി വിധിച്ചത്.
പ്രതി പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നു മാസവും കഠിനതടവ് കൂടുതലായി അനുഭവിക്കണമെന്ന് ജഡ്‌ജി ആർ രേഖ വിധി ന്യായത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. അതേസമയം കുട്ടിക്ക് സർക്കാർ നഷ്‌ടപരിഹാരം നൽകണമെന്ന് വിധിയിൽ പറയുന്നുണ്ട്. 2013 ജനുവരി 10നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.