കോട്ടയം : കേരളത്തിലെ റബ്ബര്‍ കർഷകരെ സഹായിക്കാൻ ബഡ്‌ജറ്റിൽ പദ്ധതികളുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. കര്‍ഷകര്‍ക്കായി സർക്കാരിന്‍റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള സഹായം ചെയ്യും. കർഷകരുടെ പ്രശ്‌നങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളാണ് കർഷകരെ പ്രതിസന്ധിയിലാക്കിയതെന്ന് മന്ത്രി വി എന്‍ വാസവന്‍ ആരോപിച്ചു. 'സേഫ് ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തി കർഷകരെ സഹായിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. വിലസ്ഥിരത ഫണ്ടിലേയ്‌ക്ക് കേന്ദ്രസർക്കാർ ഒറ്റ പൈസ പോലും നൽകിയില്ല. കേരള സര്‍ക്കാരാണ് 20 രൂപ വർധിപ്പിച്ച് വില 170 രൂപയാക്കിയത്'- മന്ത്രി പറഞ്ഞു.
'ഇക്കാര്യത്തിലെ കേന്ദ്ര സര്‍ക്കാരിന്‍റെ നിസംഗത പ്രതിഷേധാർഹമാണ്. റബ്ബര്‍ കർഷകർക്ക് സഹായം ലഭ്യമാക്കാൻ കേന്ദ്ര സര്‍ക്കാരില്‍ സമ്മർദ്ദം ചെലുത്തും. ബജറ്റില്‍ കോട്ടയത്തിന്‍റെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളജ്, എം ജി സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേയ്‌ക്കുയർത്തുന്ന പദ്ധതികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.