കോട്ടയം: ബഫർസോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്കയും ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലകളെയും ഒഴിവാക്കണമെന്നും സുപ്രീം കോടതിയെ അറിയിക്കുമെന്നും റവന്യൂ മന്ത്രി കെ രാജൻ. സീറോ ടു വൺ എന്ന പരിധിക്കുള്ളിൽപ്പെട്ടവർക്ക് പരാതികൾ രേഖപ്പെടുത്താൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു, ഈ പരാതികൾ കേന്ദ്ര സർക്കാരിനെയും എംപവർ കമ്മിറ്റിയേയും സുപ്രീം കോടതിയേയും അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.
എരുമേലി വിമാനത്താവളത്തിന്‍റെ സ്ഥലം ഏറ്റെടുപ്പ്: എരുമേലി വിമാനത്താവളത്തിന്‍റെ സ്ഥലം ഏറ്റെടുപ്പ് നടപടികൾ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സർക്കാർ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. കോടതിയിലെ കേസുകൾ പദ്ധതിയെ വൈകിപ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു. സ്ഥലം ഏറ്റെടുക്കാനുള്ള ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് നടപടികൾ ഇനി വൈകില്ല എന്ന് റവന്യൂ മന്ത്രി പറഞ്ഞത്.
സ്ഥലം ഏറ്റെടുപ്പിന്‍റെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കാനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. വൈകാതെ ഇത് സംബന്ധിച്ച ഉത്തരവുകളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തർക്കം തുടരുന്ന സാഹചര്യത്തിൽ പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ നീക്കം.
പദ്ധതി ഒരു കാരണവശാലും നീളാൻ പാടില്ല എന്ന് കരുതുന്നതായി മന്ത്രി വ്യക്തമാക്കി. സ്ഥലം ഏറ്റെടുപ്പിനായി സാമൂഹിക പഠനം ഉൾപ്പെടെയുള്ള വിവിധ ഘട്ടങ്ങളാണ് ഇനിയുള്ളത്. ഭൂമിയിലെ മണ്ണ് പരിശോധന ഫലവും പുറത്തുവരാനുണ്ട്.
ഏയ്ഞ്ചൽവാലി മേഖലയിൽ 1600 പേർക്ക് പട്ടയം വിതരണം: കോട്ടയം ഏയ്ഞ്ചൽവാലി മേഖലയിൽ 1600 പേർക്ക് പട്ടയം വിതരണം ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഫെബ്രുവരിയിൽ 400 പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. കാൽ നൂറ്റാണ്ടായി നിലനിന്ന കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളുടെ അതിർത്തി നിർണയം പൂർത്തിയാക്കിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
Also read: ബഫർസോൺ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റേത് രാഷ്ട്രീയ നീക്കം: മന്ത്രി എ കെ ശശീന്ദ്രൻ