കോട്ടയം: ഭരണഘടനയുടെ അന്തസത്തയെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ നാം ജാഗ്രത പുലർത്തണമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന 74ആം റിപ്പബ്ലിക് ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വൈവിധ്യങ്ങളെ തുറന്ന മനസോടെ അംഗീകരിച്ചും പരസ്‌പരം ആദരിച്ച് മാത്രമെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയൂവെന്നും.
ഒന്ന് മറ്റാന്നിന്‍റെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ നടത്തുന്ന ഏതൊരു ശ്രമവും സമൂഹത്തില്‍ പിളര്‍പ്പുണ്ടാകുമെന്നും അതുകൊണ്ട് ഒത്തൊരുമിച്ച് മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു. ഒത്തൊരുമ തന്നെയാണ് കേരളത്തെ മുന്നോട്ട് നയിക്കുന്നതെന്നും അതിനൊക്കെയും കൂട്ടാകുന്നത് ഇന്ത്യന്‍ ഭരണ ഘടന നമുക്ക് അനുവദിച്ചിട്ടുള്ള സ്വാതന്ത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദേശീയ പതാക ഉയര്‍ത്തി മന്ത്രി അഭിവാദ്യം സ്വീകരിച്ചു. രാവിലെ എട്ട് മണിയ്‌ക്ക് ആരംഭിച്ച പരേഡില്‍ കിടങ്ങൂര്‍ പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ കെ.ആർ ബിജുവായിരുന്നു പരേഡ് കമാൻഡർ. പൊലീസ് എക്സൈസ് വനം വകുപ്പ്, NCC, SPC, സ്‌കൗട്ട് & ഗൈയ്‌ഡ്‌സ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങി 23 പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്. പരേഡിൽ അണിനിരന്ന മികച്ച പ്ളാറ്റൂണുകൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്‌തു.
ജില്ല കലക്‌ടർ ഡോ.പി.കെ ജയശ്രീ, ജില്ല പൊലീസ് മേധാവി.കെ. കാർത്തിക് , ജില്ല പഞ്ചായത്ത് ആക്‌ടിങ് പ്രസിഡന്‍റ് മജ്ജു സുജിത്ത്, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.