കോട്ടയം: യുദ്ധകാലത്ത് പോര്‍ക്കളങ്ങളെ വിറപ്പിച്ച മിഗ് വിമാനം ഇനി കോട്ടയത്തിന് സ്വന്തം. കോട്ടയം നാട്ടകം ഗവണ്‍മെന്‍റ് പോളിടെക്‌നിക് കോളജിലെ പ്രദര്‍ശനത്തിനായാണ് ശാസ്ത്ര സാങ്കേതികവകുപ്പ് മിഗ് 23 യുദ്ധവിമാനം കൈമാറിയത്. അസമില്‍ നിന്നും രണ്ട് ട്രെയിലറുകളിലായാണ് വിമാനത്തിന്‍റെ വിവിധ ഭാഗങ്ങൾ നാട്ടകത്തെത്തിച്ചത്. തുടര്‍ന്ന് വ്യോമസേനയില്‍ നിന്നും ഉദ്യോഗസ്ഥരെത്തിയാണ് വിമാനം കൂട്ടിച്ചേര്‍ത്തത്. എംസി റോഡിന് അഭിമുഖമായാണ് വിമാനം സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. യുദ്ധവിമാനം വന്നതിന്‍റെ സന്തോഷത്തിലാണ് പോളിടെക്‌നിക്കിലെ അധ്യാപകരും വിദ്യാര്‍ഥികളും.
സോവിയറ്റ് യൂണിയന്‍ നിര്‍മിച്ച മിഗ് 23 വിമാനങ്ങള്‍ ഈ വിഭാഗത്തിലെ മൂന്നാം തലമുറക്കാരാണ്. 1967 മുതല്‍ സേനയില്‍ പറക്കാന്‍ തുടങ്ങിയ മിഗ് 23, 2009ലാണ് സേവനം അവസാനിപ്പിച്ചത്. 23.16 മീറ്റര്‍ നീളവും 9,555 കിലോഭാരവുമുള്ള ഈ വിമാനത്തിന് 15,000 കിലോയോളം ഭാരം വഹിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 2,500 കിലോമീറ്ററാണ് വേഗത. കോട്ടയത്തിന് പുറമെ കണ്ണൂര്‍ വിമാനത്താവളത്തിലും മിഗ് വിമാനം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.