കോട്ടയം: എംജി സര്‍വകലാശാലയില്‍ ഗവര്‍ണറെ കാണാനെത്തിയ വിദ്യാര്‍ഥി കസ്റ്റഡിയില്‍. നാനോ സയന്‍സ് ഗവേഷണ വിദ്യാര്‍ഥിയും കണ്ണൂര്‍ സ്വദേശിയുമായ ദീപ മോഹനെയാണ് കസ്റ്റഡിയിലെടുത്തത്.
ഡിപ്പാർട്ടുമെന്‍റിൽ നടക്കുന്ന ക്രമക്കേടുകളും താൻ അനുഭവിക്കുന്ന ദുരവസ്ഥകളും ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി നൽകുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ദീപ ഗവർണറെ കാണാനെത്തിയത്. എന്നാല്‍ ഗവര്‍ണറുടെ പരിപാടി നടക്കുന്ന ഹാളിലെത്തിയ ദീപയോട് പുറത്തുപോകണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച ദീപയെ ബലം പ്രയോഗിച്ച് ഹാളിന് പുറത്തെത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഗവർണറുടെ പരിപാടിയിൽ മനഃപൂർവ്വം പ്രശ്‌നങ്ങൾ ഉണ്ടാക്കാനെത്തിയെന്നാരോപിച്ച് ദീപയെ കരുതൽ തടങ്കലിൽ എടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി. തുടർന്ന് യൂണിവേഴ്‌സിറ്റിയിലെ പരിപാടികൾ അവസാനിച്ച ശേഷമാണ് ദീപയെ പൊലീസ് മോചിപ്പിച്ചത്. ഗവർണർ യൂണിവേഴ്‌സിറ്റി പ്രധാന കവാടത്തിലെത്തിയപ്പോൾ പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ജോർജ് പയസിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.