കോട്ടയം: എം.ജി യൂണിവേഴ്‌സിറ്റി വിവാദമായ മാർക്ക് ദാനം പിൻവലിച്ചു. യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. വൈസ് ചാൻസിലർ സാബു തോമസിന്‍റെ അഭാവത്തിൽ പ്രോ വൈസ് ചാൻസിലർ അരവിന്ദ് കുമാറിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് മാർക്കുകൾ പിൻവലിക്കാൻ തീരുമാനമായത്. ഇതോടെ ഇത്തരത്തിൽ അധിക മാർക്ക് അനുവധിക്കപ്പെട്ട് വിജയിച്ച 150 ഓളം വിദ്യാർഥികൾക്ക് നൽകിയ മാർക്കുകളും അസാധുവാകും.
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിൽ ബി.ടെക് പഠനം പൂർത്തിയാക്കി ഒരു വിഷയത്തിൽ 5 മാർക്കിനെങ്കിലും പരാജയപ്പെട്ട വിദ്യാർഥികളെ നിലവിലുള്ള മോഡറേഷന് പുറമെ 5 മാർക്കും അധികമായി നൽകാന്‍ കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനും പ്രൈവറ്റ് സെക്രട്ടറിയടക്കമുള്ളവർക്കും മാർക്കു ദാനവുമായി ബന്ധമുണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയത്തിൽ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. അടിയന്തര സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്ത സർക്കാർ പ്രതിനിധികൾ അനാവശ്യ വിവാദത്തിൽ അതൃപ്തിയറിച്ചതായാണ് സൂചന.