കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ മരുന്നില്ലാത്തതിന്‍റെ പേരിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം അംഗീകരിക്കാൻ ആവില്ലെന്ന് കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. യുഡിഎഫ് സർക്കാർ തുടക്കം കുറിച്ച കാരുണ്യ പദ്ധതി പോലുള്ള ജനക്ഷേമ പദ്ധതികൾ നിർത്തലാക്കിക്കൊണ്ട് പാവപ്പെട്ട രോഗികളെ ഇടതു സർക്കാർ ക്രൂരമായി വേട്ടയാടുകയാണെന്ന് മോൻസ് കുറ്റപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്‌ക്ക് എത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പണി മാത്രമാണ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ എത്തുന്ന മുഴുവൻ രോഗികളും അമിതപണം കൊടുത്ത് പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ട ഗതികേടിലാണ്. ഈ സാഹചര്യം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കൽ കോളജിൽ വരുന്ന രോഗികൾക്ക് മരുന്ന് ഇല്ലാത്തതിന്‍റെ പേരിൽ ചികിത്സ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് കവാടത്തിങ്കൾ നടന്ന പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ സമരത്തിന് അധ്യക്ഷത വഹിച്ചു. ആവി പിടിക്കാനുള്ള മരുന്നു പോലും പുറത്തു നിന്നാണ് വാങ്ങിയതെന്ന് ഒരു രോഗിയുടെ ബന്ധു മരുന്നുമായി സമരവേദിയിൽ എത്തി പരാതി പറഞ്ഞു. കേരള കോൺഗ്രസ് സീനിയർ സെക്രട്ടറി ഗ്രേസമ്മ മാത്യു, ഉന്നത അധികാര സമിതി അംഗങ്ങളായ പ്രിൻസ് ലൂക്കോസ്, വി.ജെ.ലാലി, ജയ്‌സൺ ജോസഫ്, ജില്ല പഞ്ചായത്ത് അംഗം റോസമ്മ സോണി, സംസ്ഥാന ഭാരവാഹികൾ തുടങ്ങി നിരവധി പേർ പ്രസംഗിച്ചു.