കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് വയോധികൻ മരിച്ചതായി ആരോപണം. പേരിൽ സാമ്യമുള്ളവരുടെ മരുന്ന് മാറി നൽകിയതാണ് മാരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. പുനലൂർ ഇടമൺ 34ൽ സിന്ധു ഭവനിൽ ആനന്ദൻ (75) ആണ് മരിച്ചത്.
പുലർച്ചെ മൂന്ന് മണിയോടെ ഇരുകാലുകളിലിലും കഠിന വേദനയും ശ്വാസം മുട്ടും അനുഭവപെട്ടതിനെ തുടർന്നാണ് ആനന്ദനെ ആശുപത്രിയിൽ എത്തിച്ചത്. ഇതേസമയം ചെമ്പനരുവി സ്വദേശിനിയായ ഒരാള്‍ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സ തേടി എത്തിയിരുന്നു. ഈ അസുഖത്തിനുള്ള മരുന്ന് മാറി കാല് വേദനയുമായി വന്ന ആനന്ദന് നൽകി എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
പുനലൂരിൽ ആനന്ദൻ ചികത്സ തേടി എത്തുന്നത് ആദ്യമാണെന്നും മരണ കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നും ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യം കാണിച്ച് പൊലീസിൽ പരാതി നൽകി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരണ കാരണത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.