കോട്ടയം: മെഡിക്കൽ കോളജില്‍ നിര്‍മാണത്തിലിരിക്കുന്ന ശസ്‌ത്രക്രിയ ബ്ലോക്കിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയ്ക്കുണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് സമീപ വാർഡുകളിലെ 60 രോഗികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കെട്ടിടത്തിലെ വയറിങിന് ആവശ്യമായ സാധനങ്ങൾ കൂട്ടിയിട്ട സ്ഥലത്താണ് അഗ്‌നിബാധയുണ്ടായത്.
നിർമാണത്തിലിരുന്ന കെട്ടിടത്തിലെ 25 തൊഴിലാളികളേയും മാറ്റി. നിലവിൽ പ്രശ്‌നങ്ങളില്ലെന്നും ആളപായമോ പരിക്കോ ഒന്നും സംഭവിച്ചിട്ടില്ലെന്നും മെഡിക്കൽ കോളജ് വൈസ് പ്രിന്‍സിപ്പാള്‍ വർഗീസ് പുന്നൂസ് പറഞ്ഞു. തീപിടിക്കാന്‍ ഇടയാക്കിയ കാരണം എന്താണെന്നോ എത്രമാത്രം നാശനഷ്‌ടം സംഭവിച്ചുവെന്നോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം, പാമ്പാടി, കടുത്തുരുത്തി എന്നിവിടങ്ങളിലെ 11 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘമെത്തി രണ്ട് മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയത്.