കോട്ടയം: പാലാ-കുട്ടനാട് സീറ്റുകൾ മോഹിച്ച് ആരും എൽ.ഡി.എഫ് ലേക്ക് വരേണ്ടതില്ലന്ന് മാണി.സി കാപ്പൻ. ജോസ് കെ മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ മാണിയുടെ എൽ.ഡി.എഫിലേക്കുള്ള സാധ്യത മുന്നിൽക്കണ്ടാണ് മാണി സി കാപ്പൻ്റെ പ്രതികരണം. ജോസ് കെ മാണി മുന്നണിയിലേക്ക് വരുന്നെന്ന പേരിൽ എൽ.ഡി.എഫിൽ ഇതുവരെ ചർച്ചകൾ ഒന്നും നടന്നിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് മുമ്പായി കേരളാ കോൺഗ്രസ് എമ്മിന്‍റെ മുന്നണി പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുമെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജ്ജിവമായത്.
അതെ സമയം പാർട്ടി പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ എൻ.സി.പി സ്ഥാനാർഥിയായി തോമസ് കെ തോമസിനെ മന്ത്രി എ.കെ ശശീന്ദ്രൻ പ്രഖ്യാപിച്ചതിൽ എൻ.സി.പിയിലെ തന്നെ ഒരു വിഭാഗത്തിന് അതൃപ്‌തിയുണ്ട്. ജോസ് കെ മാണി എൽ.ഡി.എഫിനൊപ്പം എത്തിയാൽ ആദ്യം സമവായത്തില്‍ എത്തേണ്ട വിഷയമായി കുട്ടനാട് മാറും. പാലായിലടക്കം എൻ.സി.പിയുമായി സന്ധിയിലെത്തിയാൽ മാത്രമാകും ജോസ് കെ മാണിയുടെ എൽ.ഡി.എഫ് പ്രവേശനം സാധ്യമാവുകയെന്ന് ഉറപ്പ്.