കോട്ടയം: പിതാവുമായുള്ള മുൻ വൈരാഗ്യത്തില്‍ മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആൾ അറസ്റ്റിൽ. പൂഞ്ഞാർ നടുഭാഗം മണ്ഡപത്തിപ്പാറ ഭാഗത്ത് തേയിലക്കാട്ടിൽ വീട്ടിൽ അസീസ് മകൻ യൂസഫ് (41) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടി മറ്റക്കാട് ടർഫിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ജംഷാദ് എന്നയാളെ ഓട്ടോറിക്ഷയിൽ എത്തി വാക്കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്നായിരുന്നു അറസ്‌റ്റ്.
യുവാവിന്‍റെ പിതാവുമായി യൂസഫിന് മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഇയാള്‍ മകനായ ജംഷാദിനെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. എന്നാല്‍, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അക്രമിയെ പാതാമ്പുഴയില്‍ നിന്നും പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ മാരായ വിഷ്‌ണു വി.വി, സുജിലേഷ്, എ.എസ്.ഐ ഇക്ബാൽ, സിപി.ഒമാരായ ജിനു കെ.ആർ, ജോബി ജോസഫ്, ശ്യാം കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു