കോട്ടയം : പച്ചക്കറി ലോറിയിലെ കയര്‍ കാലില്‍ കുരുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. ഇന്ന് (ജൂലൈ 16) പുലര്‍ച്ചെ കോട്ടയം സംക്രാന്തിയിലാണ് അപകടം. സംക്രാന്തി സ്വദേശി മുരളിയാണ് (50) മരിച്ചത്.
സംഭവത്തില്‍ ലോറി ഡ്രൈവറേയും സഹായിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ ജീവരാജ്, ക്ലീനര്‍ രാമു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേര്‍ത്തല സ്വദേശിയുടേതാണ് ലോറി.
പ്രദേശത്തെ തേപ്പുകടയിലെ ജീവനക്കാരനാണ് മുരളി. പുലര്‍ച്ചെ ചായ കുടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. നടക്കവെ മുരളിയുടെ കാലില്‍ പച്ചക്കറി ലോറിയിലെ കയര്‍ കുരുങ്ങുകയായിരുന്നു.
കയര്‍ കാലില്‍ കുരുങ്ങിയ മുരളിയുമായി ലോറി ഇരുന്നൂറ് മീറ്ററോളം ദൂരം മുന്നിലേക്ക് നീങ്ങി. മുരളിയുടെ ഒരു കാല്‍ അറ്റ നിലയിലാണ് കണ്ടെത്തിയത്. മൃതശരീരത്തില്‍ നിന്ന് മാറി നൂറുമീറ്റര്‍ അകലെയായിരുന്നു മുരളിയുടെ ഒരു കാല്‍.
പൊലീസ് സ്ഥലത്തെത്തിയാണ് മേല്‍ നടപടികള്‍ സ്വീകരിച്ചത്. അപകടം നടന്നത് ലോറി ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. ഇതേ ലോറിയിലെ കയര്‍ കുരുങ്ങി ഇരുചക്രവാഹനത്തിലെ യാത്രക്കാരായ ദമ്പതികള്‍ക്കും മറ്റൊരാള്‍ക്കും പരിക്കേറ്റിരുന്നു.
കേബിള്‍ കുടുങ്ങി അപകടം: കഴിഞ്ഞ ജനുവരിയില്‍ കൊച്ചിയില്‍ കേബിള്‍ കുടുങ്ങി ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. മരട് സ്വദേശി അനിൽ കുമാറിനാണ് പരിക്കേറ്റത്. കൊച്ചി വെണ്ണലയിലെ ഇലക്‌ട്രിക് കേബിളില്‍ ആണ് അനില്‍ കുമാര്‍ ബൈക്കില്‍ സഞ്ചരിക്കവെ കുടുങ്ങിയത്.
തുടര്‍ന്ന് ഇയാള്‍ തലയിടിച്ച് റോഡില്‍ വീണു. നാട്ടുകാരെത്തിയാണ് പരിക്കേറ്റ അനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു.
More Read : കേബിള്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
മൂന്നുവയസുകാരിയെ ഓട്ടോറിക്ഷ ഇടിച്ചു : ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങിയോടിയ മൂന്ന് വയസുകാരിയെ മറ്റൊരു ഓട്ടോറിക്ഷ ഇടിച്ചു. കുട്ടിയെ രക്ഷിക്കാനെത്തിയ പെണ്‍കുട്ടിക്കും അപകടത്തില്‍ പരിക്കേറ്റു. വയനാട് മേപ്പാടി മേലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് സമീപം ജൂലൈ 12നാണ് സംഭവമുണ്ടായത്.
മൂപ്പൈനാട് ജയ്ഹിന്ദ് കോളനിയിലെ ലാവണ്യ സുരേന്ദ്രന്‍ എന്ന മൂന്ന് വയസുകാരിക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയില്‍ മേപ്പാടി ടൗണില്‍ ഇറങ്ങിയ കുട്ടി റോഡിലേക്ക് ഓടി. നടുവിലേക്ക് എത്തിയ കുട്ടിയെ എതിരെ വന്ന ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇതിനിടെ ലാവണ്യയെ രക്ഷപ്പെടുത്താന്‍ വേണ്ടിയെത്തിയ ബന്ധുവായ തൃഷ്‌ണ (17) എന്ന കുട്ടിയേയും ഓട്ടോ തട്ടി. പരിക്കേറ്റ ഇരുവരെയും മേപ്പാടി വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇരുവര്‍ക്കും ഗുരുതര പരിക്കുകളൊന്നുമുണ്ടായിരുന്നില്ല.
സംഭവത്തിന് പിന്നാലെ പ്രദേശത്തുണ്ടായിരുന്നവര്‍ ചേര്‍ന്നാണ് രണ്ട് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു.