കോട്ടയം : ചങ്ങനാശ്ശേരിക്ക് സമീപം വാകത്താനത്ത് പാണ്ടഞ്ചിറയില്‍ കാര്‍ കത്തി ഗുരുതരമായി പൊള്ളലേറ്റ ഓട്ടുകാട്ട് സാബു മരിച്ചു. എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി സാബുവിന് പൊള്ളലേറ്റത്. വീടിനു സമീപം എത്തിയപ്പോൾ വലിയ ശബ്‌ദത്തോടെ കാറിന് തീ പിടിക്കുകയായിരുന്നു.
ചങ്ങനാശേരിയില്‍ നിന്ന് അഗ്‌നിരക്ഷ സേന എത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചാണ് സാബുവിനെ പുറത്തെടുത്തത്. വാകത്താനം പൊലീസ് സ്റ്റേഷനിൽ നിന്നും എസ്‌ഐ തോമസ് ജോസഫ്, സിവിൽ പൊലീസ് ഓഫിസർ അഭിലാഷ് മുരളി തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിശോധനയിൽ മറ്റു സാങ്കേതിക തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മുണ്ടക്കയം സ്വദേശിയായ സാബു പത്തു വർഷം മുൻപാണ് കുടുംബത്തോടൊപ്പം ഇവിടെ താമസത്തിനെത്തിയത്.
ഇത്തരത്തില്‍ കാറിന് തീ പിടിച്ച സംഭവത്തില്‍ മാവേലിക്കര സ്വദേശി ക്യഷ്‌ണ പ്രകാശിന്‍റെ മരണത്തില്‍ ദുരൂഹതകള്‍ ഉയരുന്ന സാഹചര്യത്തിലാണ് അത്തരത്തില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ കൂടെ മരണപ്പെടുന്നത്. മാവേലിക്കര സ്വദേശിയുടെ മരണത്തില്‍ വാഹനത്തിനുള്ളില്‍ സ്‌പ്രേയുടെ സാന്നിധ്യം ഫൊറന്‍സിക് സംഘം കണ്ടെത്തിയതായും സ്‌പ്രേയിലേക്ക് സിഗരറ്റ് ലൈറ്ററില്‍ നിന്ന് തീ പടര്‍ന്നാണോ അപകടം ഉണ്ടായതെന്ന തരത്തില്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്.
ALSO READ : കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവം : സ്‌പ്രേ സാന്നിധ്യം കണ്ടെത്തി ഫൊറന്‍സിക് സംഘം
അധ്യാപിക റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ: കോട്ടയം ഇത്തിത്താനം മലകുന്നം സ്‌കൂളിലെ പ്രഥമാധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത്തിത്താനം കുന്നേപ്പറമ്പിൽ മായയെ(51)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്‌ച രാവിലെയാണ് ഇവരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെമ്മു ട്രെയിൻ (മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) തട്ടിയാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം നടത്തി സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
കാറിന് തീപിടിച്ച് യുവാവ് മരിച്ചു: മാവേലിക്കരയില്‍ കാറിന് തീപിടിച്ച് കണ്ടിയൂരില്‍ പുളിമൂട് വാടകയ്ക്ക് താമസിക്കുന്ന കൃഷ്‌ണ പ്രകാശാണ് (35) മരിച്ചത്. ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. യാത്ര കഴിഞ്ഞെത്തിയ യുവാവ് കാര്‍ വീട്ടിലെ പോർച്ചിലേക്ക് കയറ്റുന്നതിനിടയില്‍ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചിരുന്നു. മരണത്തില്‍ വാഹനത്തിനുള്ളില്‍ സ്‌പ്രേയുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. കൃഷ്‌ണ പ്രകാശ് ആസ്‌മയ്‌ക്ക് ചികിത്സ തേടിയിരുന്നതിനാല്‍ ഇന്‍ഹെയിലറുകള്‍ കാറില്‍ സൂക്ഷിച്ചിരുന്നു. ഇൻഹെയിലറും മൊബൈൽ ഫോണും പൊട്ടിത്തെറിച്ചതാണോ സ്‌പ്രേയിലേക്ക് സിഗരറ്റ് ലൈറ്ററില്‍ നിന്ന് തീ പടര്‍ന്നതാണോ അപകട കാരണമെന്ന് പരിശോധിക്കുന്നുണ്ട്.
ALSO READ : പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് തലയില്‍ കൊണ്ടു ; 40കാരി മരിച്ചു