കോട്ടയം: കുമാരനല്ലൂരിൽ പിക്കപ്പ് വാനിൻ്റെ ഡോറിൽ തട്ടി വീണ് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. കുമാരനല്ലൂർ പൗർണമിയിൽ ഉണ്ണികൃഷ്‌ണൻ (55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ചവിട്ടുവരിക്കും കുമാരനല്ലൂർ മേൽപാലത്തിനും ഇടയിൽ ഹരിതാ ഹോംസിനു സമീപമാണ് അപകടം നടന്നത്.
കോട്ടയത്തുനിന്നും തിരികെ കുമാരനല്ലൂരിലുള്ള വീട്ടിലേക്ക് സ്‌കൂട്ടറിൽ വരികയായിരുന്നു ഉണ്ണികൃഷ്‌ണൻ. ഈ സമയം വഴിയരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൻ്റെ ഡോർ തുറക്കുകയും ഡോർ തലയിലിടിച്ച് ഉണ്ണികൃഷ്‌ണൻ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടനെ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.