കോട്ടയം : നെഞ്ചുവേദനയെ തുടർന്ന് പ്രവേശിപ്പിക്കപ്പെട്ട ചലച്ചിത്ര നടന്‍ കോട്ടയം നസീറിന്‍റെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതർ. തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നടനെ പരിശോധനകള്‍ക്ക് ശേഷം ആന്‍ജിയോഗ്രാമിന് വിധേയനാക്കിയിരുന്നു. നിരീക്ഷണശേഷം തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് അദ്ദേഹത്തെ സ്വകാര്യ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.
മമ്മൂട്ടി നായകനായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റോഷാക്കിലാണ് താരം അവസാനമായി അഭിനയിച്ചത്. രണ്ട് പതിറ്റാണ്ടായി വേദികളിലും സിനിമകളിലും സജീവസാന്നിധ്യമായ താരം നെഞ്ചുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് ആരാധകരില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇതിനകം അദ്ദേഹം നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മിമിക്രിയിലൂടെയും സ്‌റ്റേജ് പ്രോഗ്രാമുകളിലൂടെയുമാണ് കോട്ടയം നസീര്‍ തന്‍റെ കരിയര്‍ ആരംഭിച്ചത്. 1995 ല്‍ പുറത്തിറങ്ങിയ മിമിക്സ് ആക്ഷൻ 500 (1995) എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.