കോട്ടയം : കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളില്‍ വരുന്ന കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും കോട്ടയം ജില്ല കലക്‌ടര്‍ എം. അഞ്ജന ഉത്തരവിറക്കി.
സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച്ച അനുവദിച്ച ഇളവുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജൂണ്‍ 16 മുതല്‍ 22 വരെയുള്ള ഒഴാഴ്ച്ചക്കാലത്തെ ശരാശരി ടിപിആർ പരിഗണിച്ചുള്ള പുതിയ ക്രമീകരണങ്ങള്‍.
ജൂണ്‍ 30ന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കുമെന്നും കലക്‌ടർ അറിയിച്ചു. ടിപിആർ എട്ട് ശതമാനത്തില്‍ താഴെയുള്ള എ കാറ്റഗറിയില്‍ ജില്ലയിലെ 37 തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.
ടിപിആർ എട്ടിനും 16നുമിടയിലുള്ള ബി കാറ്റഗറിയില്‍ 34ഉം 16നും 24നുമിടയിലുള്ള സി കാറ്റഗറിയില്‍ അഞ്ചും മേഖലകളുമാണുള്ളത്. ടിപിആര്‍ 24ന് മുകളില്‍ നില്‍ക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയിലുള്ളത് വാഴപ്പള്ളി പഞ്ചായത്ത് മാത്രമാണ്.
Also Read: സെപ്റ്റംബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കുറയും ; കൈവിടരുത് ജാഗ്രത
ഡി കാറ്റഗറിയില്‍ വരുന്ന തദ്ദേശ സ്ഥാപന മേഖലയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് റൂം ഐസൊലേഷന്‍ സൗകര്യമുണ്ടെന്ന് ആര്‍ആര്‍ ടീം മുഖേന ഉറപ്പാക്കിയ ശേഷമേ വീടുകളില്‍ തുടരുവാന്‍ അനുവദിക്കൂ.
വീടുകളില്‍ സൗകര്യമില്ലെങ്കില്‍ ഇവരെ നിര്‍ബന്ധമായും ഡൊമിസിലിയറി കെയര്‍ സെന്‍ററുകളിലേക്കോ ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രങ്ങളിലേക്കോ മാറ്റും.
നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകള്‍, ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കാന്‍ ജില്ല പൊലീസ് മേധാവിയെയും ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.