കോട്ടയം: Kottayam Medical College Liver Transplant പ്രണയദിനത്തില്‍ ഭര്‍ത്താവിന് കരള്‍ പകുത്ത് നല്‍കി ഭാര്യ. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ (14.02.22) ആരംഭിച്ച കരള്‍മാറ്റ ശസ്‌ത്രക്രിയ പൂര്‍ത്തിയായി. രാവിലെ ആറിന് തുടങ്ങിയ ശസ്‌ത്രക്രിയ 18 മണിക്കൂര്‍ നീണ്ടു. തൃശൂര്‍ സ്വദേശി സുബീഷിന് (40) ഭാര്യ പ്രവിജയുടെ (34) കരള്‍ പകുത്താണ് തുന്നിച്ചേര്‍ത്തത്.
അനുമോദിച്ച് മന്ത്രി വീണ ജോര്‍ജ്
കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കുന്ന ആദ്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയയാണ് തിങ്കളാഴ്‌ച നടന്നത്. അവയവദാനവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ചുവടു വയ്പ്പാണ് കോട്ടയം മെഡിക്കല്‍ കോളജിലെ കരള്‍മാറ്റ ശസ്‌ത്രക്രിയയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കേരളത്തിൽ സർക്കാർ മേഖലയിൽ ഇതിന് മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കരള്‍മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയ നടന്നിരുന്നു.
ഇതോടെ അവയദാനവുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കരുതുന്നതെന്ന് സുബീഷിനെയും കുടുംബത്തെയും സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. തീര്‍ത്തും സൗജന്യമായിട്ടായാണ് ശസ്‌ത്രക്രിയ നടന്നത്. അവയവമാറ്റം സര്‍ക്കാര്‍ മേഖലയില്‍ നടത്തുകയെന്ന ദീര്‍ഘകാലത്തെ ആവശ്യമാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്. സുബീഷും ഭാര്യ പ്രവിജയും സുഖമായിരിക്കുന്നുവെന്നും ഇനി ഏറെ ശ്രദ്ധയും പരിചരണവും ആവശ്യമാണെന്നും അക്കാര്യങ്ങള്‍ മെഡിക്കല്‍ സംഘം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
മൂന്ന് തവണ മാറ്റി വച്ച ശസ്‌ത്രക്രിയ
മുന്‍പ് മൂന്ന് തവണ മാറ്റിവച്ച ശസ്‌ത്രക്രിയയാണ് കോട്ടയത്ത് തിങ്കളാഴ്‌ച നടന്നത്. ജനുവരിയില്‍ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ക്രമീകരണം പൂർത്തിയായിരുന്നെങ്കിലും ഔദ്യോഗിക തടസം നേരിട്ടതിനാൽ നടന്നിരുന്നില്ല. പിന്നീട് മറ്റൊരു ദിവസം നടത്താൻ ശ്രമിച്ചപ്പോൾ രോഗിക്കും ദാതാവിനും കൊവിഡ് ബാധിച്ചു.
ഇരുവരും കൊവിഡ് വിമുക്തരായപ്പോൾ ദാതാവിന് ശാരീരിക അസ്വസ്ഥത നേരിട്ടതിനാൽ വീണ്ടും ശസ്ത്രക്രിയ മാറ്റി. പിന്നീട് കഴിഞ്ഞ ശനിയാഴ്‌ച ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇരുവരുടെയും കൊവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്‌തതോടെയാണ് തിങ്കളാഴ്‌ച ശസ്ത്രക്രിയ തീരുമാനിച്ചത്. ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ.ആർ.എസ് സിന്ധുവിൻ്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
Read More: കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇന്ന്