കോട്ടയം: പാലാ നഗരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് ഇനി ചുറ്റിത്തിരിയാതെ സുഗമയാത്രക്ക് വഴിയൊരുങ്ങുന്നു. കുരിശുപള്ളി ജങ്ഷനില്‍ പ്രധാന റോഡിനെയും റിവര്‍വ്യൂ റോഡിനെയും ബന്ധിപ്പിച്ച് ലിങ്ക് റോഡ് നിര്‍മിക്കാന്‍ സ്വകാര്യഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഏറ്റെടുത്ത ഭൂമിയില്‍ നടപ്പാതയോടുകൂടിയ ലിങ്ക് റോഡും ഓടയും നിര്‍മിക്കാനാണ് പദ്ധതി.
80 മീറ്റര്‍ നീളത്തിലാണ് പുതിയ ലിങ്ക്‌റോഡ് നിര്‍മിക്കുക. ഇവിടെ നിലവിലുള്ള അഞ്ച് മീറ്റര്‍ റോഡ് വികസിപ്പിച്ചാണ് ലിങ്ക് റോഡും ഓടയും നടപ്പാതയും സ്ഥാപിക്കുന്നത്. ഇതോടെ പാലായുടെ നഗരഹൃദയമായ കുരിശുപള്ളി ജങ്ഷനിലും സ്‌റ്റേഡിയം വരെയുള്ള പ്രധാന വീഥിയിലെ ഗതാഗത കുരുക്ക് കുറയ്ക്കാനും ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനും കഴിയും.
പാലാ കുരിശുപള്ളി കവലയിലെ 433 സ്‌ക്വയര്‍ മീറ്റര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. 2009 മുതല്‍ തുടരുന്ന നിയമതടസം നീക്കി തിങ്കളാഴ്ചയാണ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്. നഷ്‌ടപരിഹാരത്തുക സംബന്ധിച്ച് ഭൂവുടമ പത്ത് വര്‍ഷത്തോളമായി നടത്തിവന്ന നിയമപോരാട്ടം ഒത്തുതീര്‍പ്പായതോടെയാണ് നടപടി. പാലാ ആ.ഡി.ഒയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം കെട്ടിടം ഉള്‍പ്പടെയുള്ള ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഏറ്റെടുത്ത കെട്ടിടം നിയമാനുസൃതം ലേലം ചെയ്യും.
ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വന്ന ഹോട്ടല്‍ നടത്തിപ്പുകാരന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഭൂമി ഏറ്റെടുത്തതോടെ റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. റോഡ് വരുന്നതോടെ തിരക്കേറിയ കുരിശുപള്ളിക്കവലയില്‍ നിന്ന് വാഹനങ്ങള്‍ റിവര്‍വ്യൂ റോഡിലൂടെ തിരിച്ചുവിടാന്‍ സാധിക്കും. കുരിശുപള്ളിക്കവലയുടെ വികസനത്തിനും രാമപുരം റോഡില്‍ നിന്ന് എത്തുന്ന കോട്ടയം, പൊന്‍കുന്നം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ ചുറ്റിത്തിരിയാതെ ലിങ്ക് റോഡ് വഴി തിരിച്ചുവിടാനും പദ്ധതി സഹായകമാകും.