കോട്ടയം : കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരി 15വരെ അടച്ചിടാന്‍ തീരുമാനം. അടച്ചിട്ടിരുന്ന സ്ഥാപനം ഇന്ന് തുറക്കാനിരിക്കെയാണ് ജില്ല കലക്‌ടറുടെ ഉത്തരവ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ജാതി വിവേചനം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്നാണ് സ്ഥാപനം അടച്ചിട്ടത്. വിദ്യാര്‍ഥികളുടെ പരാതിയെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് കമ്മിഷനെ നിയമിച്ചിരുന്നു. ഡയറക്‌ടര്‍ ശങ്കര്‍ മോഹന്‍ വിദ്യാര്‍ഥികളോട് ജാതി വിവേചനം കാണിക്കുന്നെന്നും ജാതീയധിക്ഷേപം നടത്തിയെന്നുമാണ് പരാതി.
അതിനിടെ, കാമ്പസിൽ തുടർന്നാൽ കേസെടുക്കുമെന്ന് അറിയിച്ചതോടെ വിദ്യാർഥികൾ പുറത്തേക്ക് സമരം മാറ്റിയിരുന്നു. ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ശങ്കർ മോഹൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സമരം നടത്തിവരികയാണ്. ഡയറക്‌ടര്‍ സർക്കാരിനെ പറ്റിക്കുന്നുവെന്നും ഇൻസ്റ്റിറ്റ്യൂട്ടിലെ പല കാര്യങ്ങളും മറച്ചുവയ്‌ക്കുന്നുവെന്നും സമരക്കാർ ആരോപിച്ചു.
സംവരണ വിഭാഗത്തിലുള്ള വിദ്യാർഥികളുടെ ഇ ഗ്രാന്‍ഡ് ഡയറക്‌ടര്‍ തടഞ്ഞുവച്ചു, മൂന്ന് വർഷത്തെ കോഴ്‌സ് കാലാവധി വെട്ടിച്ചുരുക്കി രണ്ട് വർഷമാക്കാൻ ശ്രമം നടന്നു, അനധികൃതമായി പല ഫീസുകളും ഈടാക്കുന്നു തുടങ്ങിയവയാണ് ഡയറക്‌ടര്‍ക്കെതിരെയുള്ള സമരസമിതിയുടെ ആരോപണങ്ങള്‍. ഇൻസ്‌റ്റിറ്റ്യൂട്ട് ചെയര്‍പേഴ്‌സണ്‍ അടൂർ ഗോപാലകൃഷ്‌ണന്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും സമരസമിതി പറയുന്നു.
കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങള്‍ രണ്ട് ആഴ്‌ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കിയിരുന്നു. ഉന്നതതല സമിതി വിഷയം അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, എന്‍കെ ജയകുമാര്‍ എന്നിവര്‍ ഉൾപ്പെടുന്ന ഉന്നതതല കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കും. രണ്ടാഴ്‌ചയ്ക്കുള്ളില്‍ റിപ്പോർട്ട് ലഭിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.