കോട്ടയം: ഒരാഴ്‌ചയായി പെയ്യുന്ന കനത്ത മഴയ്‌ക്ക് ജില്ലയിൽ ശമനം. കിഴക്കൻ മേഖലകളിൽ മഴയുടെ ശക്തി കുറഞ്ഞു. പാലായിലും മണിമലയിലും മുണ്ടക്കയത്തും നദികളിലെ ജലനിരപ്പ് താഴ്‌ന്നു.
എന്നാൽ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ദുരിതത്തിലായി. കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളത്തിന്‍റെ ഒഴുക്ക് വർധിച്ചതോടെയാണ് താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്. നിരവധി വീടുകൾ വെള്ളത്തിലായി. കുമരകം,വൈക്കം, ചെമ്പ് ഭാഗത്തെ വീടുകളിൽ വെള്ളം കയറി. ജില്ലയിൽ 56 ക്യാമ്പുകൾ ആരംഭിച്ചു. 1697 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു. വെള്ളപ്പൊക്കം രൂക്ഷമായതോടെ പല മേഖലകളിലും പുതിയ ക്യാമ്പുകൾ തുറന്നു.
തിരുവാർപ്പിലും ആർപ്പുക്കരയിലും രണ്ട് ക്യാമ്പുകൾ കൂടി തുറന്നു. കുമരകം കണ്ണാടിച്ചാൽ കൊന്നക്കരി ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി. കോട്ടയം കുമരകം റോഡിൽ ചെങ്ങളം ആമ്പക്കുഴി ഇല്ലിക്കൽ എന്നീ ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറിയിട്ടുണ്ട്. എന്നാൽ ഗതാഗത തടസമില്ല.
ജില്ലയിലെ 3250 ഹെക്‌ടർ പാടശേഖരങ്ങൾ മടവീഴ്‌ച ഭീഷണിയിലാണ്. കുമരകം തിരുവാർപ്പ് അയ്‌മനം ആർപ്പുക്കര ഭാഗങ്ങളിലെ 60 പാടശേഖരങ്ങളിൽ മടവീഴ്‌ച ഭീഷണിയിലാണ്.
പാടത്തിന് ചുറ്റുമുള്ള പുറംബണ്ടുകൾ ബലപ്പെടുത്തി വെള്ളം പാടത്ത് കയറാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തു. എന്നാലും ജലനിരപ്പ് ഉയർന്നത് നെൽ കർഷകരെ ഭീതിയിലാക്കുന്നുണ്ട്. 8.6 മില്ലിമീറ്റർ മഴയാണ് കോട്ടയത്ത് പെയ്‌തത്. ഏറ്റവും കൂടുതൽ മഴ പെയ്‌തത് മുണ്ടക്കയത്താണ്. കോട്ടയത്ത് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.