കോട്ടയം: പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞ് പാളിച്ചകൾ കണ്ടെത്തി അന്വേഷിക്കുകയല്ല വേണ്ടത്, ഓരോ ഘട്ടത്തിലും അതതു വകുപ്പിലെ ആഭ്യന്തര വിജിലൻസ് സംവിധാനത്തിലൂടെ ന്യൂനത കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ ചെറുതായാലും വലുതായാലും ഇത്തരത്തിലുള്ള സമീപനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഴക്കൻ മേഖല വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ കോട്ടയം ഓഫിസിൽ പുതുതായി നിർമിച്ച വീഡിയോ കോൺഫറൻസിങ് ഹാളിന്‍റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജിലൻസ് ബോധവത്ക്കരണ വാരാചരണത്തിന്‍റയും വിജിലൻസ് വകുപ്പിലെ വിവിധ ജില്ലകളിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ കോട്ടയം ഓഫിസിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പു മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു.
ഭരണതലത്തിൽ അഴിമതി ഇല്ലാതാക്കാനായെന്നും ഉദ്യോഗസ്ഥതലത്തിൽ ഒരു പരിധിവരെ അഴിമതി കുറയ്ക്കാനായി എന്നും അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി വിഎൻ വാസവൻ പറഞ്ഞു. വിജിലൻസ് പ്രവർത്തനങ്ങളിൽ കോട്ടയം ജില്ല സംസ്ഥാനതലത്തിൽ തന്നെ മുന്നിട്ടുനിൽക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വീഡിയോ കോൺഫറൻസിങ് റൂമിന്‍റെ ശിലാഫലകം അനാച്ഛാദനം മന്ത്രി നിർവഹിച്ചു.
മലയാള ഭാഷ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായ ഉദ്യോഗസ്ഥർക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, ജില്ലാ കലക്‌ടർ ഡോ പികെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, കോട്ടയം നഗരസഭാംഗം റീബ വർക്കി, വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ എസ്‌പി വി.ജി വിനോദ്‌കുമാർ, ഡിവൈഎസ്‌പി വി.ആർ രവികുമാർ എന്നിവർ പ്രസംഗിച്ചു.