കോട്ടയം: വടവാതൂരിലെ ഡംപിങ് യാർഡിനെ ചൊല്ലി നഗരസഭയും പഞ്ചായത്തും തമ്മിലടി. മാലിന്യ സംസ്‌കരണ പ്ലാന്‍റ് തുടങ്ങാനുള്ള നീക്കം വിജയപുരം പഞ്ചായത്ത് തടഞ്ഞു. പ്ലാസ്‌റ്റിക് മാലിന്യം വേർതിരിക്കാനുള്ള യൂണിറ്റ് തുടങ്ങി ഇതിന്‍റെ മറവിൽ വീണ്ടും ഇവിടെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിജയപുരം പഞ്ചായത്ത് ആരോപിച്ചു. അതേസമയം ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ കെട്ടി കിടക്കുന്ന മാലിന്യം നീക്കാനുളള ശ്രമമാണിതെന്ന് നഗരസഭ വ്യക്തമാക്കി.
വിവാദം തുടർക്കഥ: ഡംപിങ് യാർഡിൽ ഒരാഴ്‌ചയായി നടന്നു വന്ന കെട്ടിടത്തിന്‍റെ പണികൾ പഞ്ചായത്ത് നിർത്തി വയ്‌പ്പിച്ചു. നഗരസഭയുടെ ഉടമസ്ഥതയിൽ ഉള്ള വടവാതൂരിലെ ഡംപിങ് യാർഡ് പരിസര മലിനീകരണത്തെ തുടർന്ന് 2013ലാണ് പഞ്ചായത്തും ബഹുജനങ്ങളും ചേർന്ന് പ്രക്ഷോഭം നടത്തി അടച്ചു പൂട്ടിയത്. നഗരത്തിലെ മാലിന്യങ്ങൾ വൻതോതിൽ ഇവിടെ നിക്ഷേപിച്ചതിനെ തുടർന്ന് പ്രദേശത്ത് ജനജീവിതം ദുസഹമായിരുന്നു.
തുടർന്നാണ് പഞ്ചായത്ത് ഡംപിങ് യാർഡ് അടച്ചു പൂട്ടിയത്. നഗരമാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കാൻ പാടില്ല എന്ന് കോടതി വിധിയുണ്ടായി. നിലവിൽ കെട്ടിക്കിടക്കുന്ന ടൺ കണക്കിന് മാലിന്യങൾ നീക്കം ചെയ്യണമെന്നും കോടതി ആവശ്യപെട്ടിരുന്നു. എന്നാൽ ഇക്കാലം വരെ അതു നടപ്പായില്ല.
യൂണിറ്റിന്‍റെ മറവിൽ മാലിന്യ നിക്ഷേപം: നിലവിൽ പ്ലാസ്‌റ്റിക് വേർതിരിക്കുന്ന പ്ലാന്‍റ് ഇവിടെ തുടങ്ങാൻ പ്രാരംഭ പ്രവർത്തനങ്ങൾ നഗരസഭ ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇവിടെ വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമാക്കാനുള്ള നഗരസഭയുടെ നീക്കത്തിന്‍റെ ഭാഗമാണ് ഈ പ്രവർത്തനങ്ങളെന്നാണ് പഞ്ചായത്ത് ആരോപിക്കുന്നത്. നഗരസഭയും പഞ്ചായത്തും ഭരിക്കുന്നത് കോൺഗ്രസ് ഭരണ സമിതിയാണ്.
ഇന്ന് രാവിലെ വിജയപുരം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ ഡംപിങ് യാർഡിലെത്തി. പണികൾ നിർത്തിവയ്‌ക്കണമെന്ന് കമ്പനിയെ അറിയിച്ചു. കോഴിക്കോട് കേന്ദ്രമായുള്ള കമ്പനിക്ക് 70 ലക്ഷത്തോളം രൂപയ്‌ക്കാണ് മാലിന്യം നീക്കത്തിന് ടെന്‍റർ നൽകിയിരിക്കുന്നത്.
എന്നാൽ ഈ കാര്യത്തിൽ കലക്‌ടർ ഇടപെടണമെന്നും പഞ്ചായത്തിന്‍റെ ആശങ്ക പരിഹരിക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. അതേസമയം ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ മാലിന്യങ്ങൾ തീപിടിച്ച് ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാകാതിരിക്കാനാണ് നഗരസഭ ശ്രമിച്ചതെന്ന് വൈസ് ചെയർമാൻ ബി ഗോപകുമാർ പറഞ്ഞു. വേൾഡ് ബാങ്കിന്‍റെ സഹായത്തിൽ മാലിന്യനിർമാർജനത്തിനായി കൊണ്ടുവന്ന പദ്ധതിയാണിതെന്നും നഗരസഭ പറഞ്ഞു.
കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ തീ പിടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് എടുക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു.
also read: ബ്രഹ്മപുരം : ആ'ശ്വാസം' നേടി കൊച്ചി ; തീയും പുകയും കെട്ടടങ്ങിയെന്ന് ജില്ല ഭരണകൂടം
കൊച്ചിയ്‌ക്ക് നേരിയ ആശ്വാസം: 12 ദിവസത്തെ പരിശ്രമങ്ങൾക്കൊടുവിൽ ബ്രഹ്മപുരത്തെ തീ പൂർണമായും അണച്ചതായി കൊച്ചി ജില്ല കലക്‌ടർ എൻ എസ് ഉമേഷ് ഇന്ന് അറിയിച്ചു. കൂട്ടിയിട്ട ലക്ഷക്കണക്കിന് ടൺ പ്ലാസ്‌റ്റിക് മാലിന്യത്തിനാണ് ബ്രഹ്മപുരത്ത് മാർച്ച് രണ്ടിന് തീപിടിച്ചത്. നിലവിൽ തീപിടിത്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പദ്ധതികൾ ജില്ല ഭരണകൂടം അവലോകനം ചെയ്‌തു.