കോട്ടയം: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സീറ്റ് വിഭജനം തലവേദനയാകുന്നു. സീറ്റ് വിഭജനത്തിൽ ഘടകക്ഷികൾ വിട്ടുവീഴ്ച്ചകൾക്ക് തയ്യാറാകാത്തതാണ് സീറ്റ് വിഭജനം നീളാൻ കാരണം. നിലവിലെ അവസ്ഥ തുടരുകയെന്ന് സംസ്ഥാന നേതൃത്വം പറയുമ്പോഴും വിജയിച്ച സീറ്റോ, അതോ മത്സരിച്ച സീറ്റോ എന്നതിലാണ് തർക്കമാണ് നിലനിൽക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലും പഞ്ചായത്തുകളിലും അതാത് തലങ്ങൾക്കുള്ളിൽ നിന്നു തന്നെ ചർച്ചകൾ ചെയ്യ്തു തീരുമാനമെടുക്കാനാണ് നിർദ്ദേശം. സീറ്റുകളിൽ ധാരണയുണ്ടായതിനു ശേഷം മാത്രം സ്ഥാനാർഥികൾ പ്രചരണവുമായി രംഗത്തിറങ്ങാവു എന്ന കർശന നിർദ്ദേശവും നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകി കഴിഞ്ഞു.
കേരളാ കോൺഗ്രസ് ജോസ് പക്ഷം മുന്നണി വിട്ടതോടെ പ്രദേശിക തലത്തിൽ ഒഴിവായ സീറ്റുകളിൽ അവകാശവാദവുമായി മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളും ശക്തമായി രംഗത്തുണ്ട്. പത്താം തീയതിക്കുള്ളിൽ പ്രദേശിക തലത്തിൽ ധാരണയിലെത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് നുള്ളത്. പന്ത്രണ്ടാം തീയതിക്കു മുമ്പായി സമ്പൂർണ്ണ പട്ടികയ്ക്കും രൂപം നൽകും. പ്രദേശിക തലത്തിലുണ്ടാകുന്ന ചർച്ചകളിൽ ഉണ്ടാകുന്ന തർക്കങ്ങൾ ജില്ലാ നേതൃത്വത്തിന്‍റെ നേതൃത്വത്തിൽ ചർച്ചയിലൂടെ പരിഹരിക്കും. പ്രദേശിക നേതാക്കളെ തൃപ്തിപ്പെടുത്തിയുള്ള യു.ഡി.എഫിന്‍റെ ഫോർമുല എത്രത്തോളം വിജയത്തിലെത്തുമെന്നതാണ് നോക്കിക്കാണേണ്ടത്.