കോട്ടയം: കോട്ടയം കലക്‌ടറേറ്റിലേക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷങ്ങളില്‍ അഞ്ച് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. പൊലീസുകാരെ ആക്രമിച്ചതിനും, കൃത്യ നിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസ്.
യുഡിഎഫ്–കോൺഗ്രസ് നേതാക്കളായ ജെ.ജി പാലക്കലോടി, വി.കെ അനിൽകുമാർ, വർഗീസ് ചാക്കോ, അൻസാരി, സാം കെ.വർക്കി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാല് യുഡിഎഫ്–കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്‌ച വൈകിട്ട് അഞ്ചരയോടെ കോട്ടയം കലക്‌ടറേറ്റിലേക്ക് യുഡിഎഫ് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.
രാഹുൽ ഗാന്ധിയുടെ ഓഫിസിന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ എസ്എഫ്ഐ–ഡിവൈഎഫ്‌ഐ പ്രവർത്തകര്‍ യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. ഇതില്‍ രണ്ടിലും പ്രതിഷേധിച്ചാണ് യു.ഡി.എഫ് പ്രവർത്തകർ കലക്‌ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.
മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പ്രകടനത്തിന് ശേഷം നേതാക്കന്മാർ പോയ ശേഷമാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസുമായി നേർക്കുനേർ ആക്രമണമുണ്ടായത്. പ്രവര്‍ത്തകരെ ഒഴിപ്പിക്കാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു.
തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലേറ് നടത്തിയത്. ബാരിക്കേഡ് തകര്‍ത്ത് കലക്‌ടറേറ്റിലേക്ക് പ്രവര്‍ത്തകര്‍ പ്രവേശിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം കൂടുതല്‍ വഷളായത്. സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.