കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് അതിവ്യാപനത്തിന് സാധ്യതയുണ്ടെന്ന ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ് സാധൂകരിച്ച് കോട്ടയം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് മാത്രം 905 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗസ്ഥിരീകരണ കണക്കാണിത്.
പാലായിലാണ് ഇന്ന് ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗസ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. 267 പേരിലാണ് ഇന്ന് പാലായില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 905 പേരില്‍ 878 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 27 പേരും രോഗബാധിതരായി.
രോഗം ബാധിച്ചവരില്‍ 542 പുരുഷന്‍മാരും 289 സ്ത്രീകളും 74 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിന് മുകളിലുള്ള 135 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 415 പേര്‍ രോഗമുക്തരായി. 6,260 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 45,660 ആണ്. 39,280 പേര്‍ ഇതുവരെ രോഗമുക്തി നേടി.