കോട്ടയം : ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ എ ഗ്രൂപ്പ് യോഗം. കോൺഗ്രസ് പുനഃസംഘടന അടുത്ത ദിവസം നടക്കാനിരിക്കെയാണ് യോഗം ചേർന്നത്. കോട്ടയം ജില്ലയിൽ ഉൾപ്പടെ എ ഗ്രൂപ്പിന് അർഹമായ പ്രതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് യോഗം.
ദൃശ്യങ്ങൾ പകർത്താൻ എത്തിയ മാധ്യമ പ്രവർത്തകരെ നേതാക്കൾ തടഞ്ഞു. പുതിയ നേതൃത്വം വന്നതിന് ശേഷം ഉമ്മൻ ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് കാര്യമായ പരിഗണന എ ഗ്രൂപ്പിന് ലഭിക്കുന്നില്ല. ഇതിൽ വലിയ അമർഷമാണ് നേതാക്കൾക്ക് ഉള്ളത്. ജില്ല കോൺഗ്രസ് കമ്മിറ്റി സമർപ്പിച്ച പുനഃസംഘടന പട്ടികയിൽ എ ഗ്രൂപ്പ് നേതാക്കളെ ഉൾപ്പെടുത്തിയില്ലെന്ന പരാതി നേതാക്കൾക്കുണ്ട്.
ALSO READ: കോട്ടയത്ത് നിന്നും കാണാതായ യുവാവ് എറണാകുളത്ത് മരിച്ച നിലയിൽ
രാവിലെ 11 മണിമുതൽ പുതുപ്പള്ളി അധ്യാപക സഹകരണ ബാങ്കിന്റെ ഹാളിൽ ചേർന്ന യോഗത്തിന് ഉമ്മൻ ചാണ്ടിയും ഡി.സി.സി മുൻ അധ്യക്ഷൻ ജോഷി ഫിലിപ്പുമാണ് നേതൃത്വം നൽകിയത്. വിവരം അറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകരെ എ ഗ്രൂപ്പ് നേതാക്കൾ തടഞ്ഞു.
എം.എൽ.എ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ചർച്ചയാണ് നടക്കുന്നതെന്നാണ് നേതാക്കളുടെ വിശദീകരണം. ഗ്രൂപ്പ് യോഗങ്ങൾ പാടില്ലെന്ന കെ.പി.സി.സിയുടെ നിർദേശം നിലനിൽക്കെയായിരുന്നു പുതുപ്പള്ളിയിലെ യോഗം.