കോട്ടയം: പുനലൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 48കാരൻ അറസ്റ്റിൽ. വൈക്കം തലയാഴം തോട്ടകം ഭാഗത്ത് പുത്തൻതറവീട്ടിൽ സജീവനെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ (ജൂലൈ 13) രാവിലെ ഒന്‍പതിന് വൈക്കം ലിങ്ക് റോഡിന് സമീപമുള്ള ഷാപ്പിന് മുൻവശത്തുവച്ചാണ് സംഭവം. പുനലൂർ സ്വദേശിയായ ബിജു ജോർജിനെയാണ് കത്തികൊണ്ട് പ്രതി കുത്തിക്കൊലപ്പെടുത്തിയത്.
സജീവനും ബിജുവും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നു. തുടർന്ന്, ഇന്നലെ രാവിലെ ഷാപ്പിൽവച്ച് കാണുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്‌തു. ശേഷം, സജീവൻ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ബിജു ജോർജിനെ കുത്തുകയും ഉടനെ ഇയാൾ മരണപ്പെടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്‌എച്ച്‌ഒ ബിജു കെആർ, എസ്‌ഐ അജ്‌മൽ ഹുസൈൻ, സിജി ബി, ബാബു പി, സിപിഒമാരായ സുധീപ്, ഷിബു, അജേന്ദ്രൻ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
കൊലപാതക കേസ്: പിടികിട്ടാപ്പുള്ളി 27 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍: കൊലപാതക കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതിയെ 27 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. ചെട്ടികുളങ്ങര പേള മാടശ്ശേരിചിറയിൽ വീട്ടിൽ നിന്നും കോഴിക്കോട് ചെറുവണ്ണൂർ കൊല്ലേരിതാഴം ഭാഗത്ത് വീരാറ്റി തറയിൽ (ശ്രീശൈലം) സ്വദേശി ചിങ്കു എന്ന ശ്രീകുമാർ (51) ആണ് മാവേലിക്കര പൊലീസിന്‍റെ പിടിയിലായത്. മിലിട്ടറി ഉദ്യോഗസ്ഥനായ ചെട്ടികുളങ്ങര കണ്ണമംഗലം പേളചേന്നത്തു വീട്ടിൽ ജയപ്രകാശ് കൊലപാതക കേസിൽ പ്രതിയായ ശ്രീകുമാര്‍ ഇത്രയുംകാലം ഒളിവിലായിരുന്നു.
കേസിനെക്കുറിച്ച് പൊലീസ്: 1995 ജനുവരി 12 നാണ് കേസിനാസ്‌പദമായ സംഭവം. ജയപ്രകാശുമായി കാട്ടുവള്ളി ക്ഷേത്ര ഗ്രൗണ്ടിൽ വച്ച് പ്രമോദ്, ശ്രീകുമാർ, ജയചന്ദ്രൻ എന്നിവർ മുൻപുണ്ടായ തർക്കവിഷയത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടയിലാണ് സംഘട്ടനം ഉണ്ടാവുന്നത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ജയപ്രകാശിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെ ജയപ്രകാശ് മരണത്തിന് കീഴടങ്ങി. ജയപ്രകാശ് മരിച്ച വിവരമറിഞ്ഞതോടെ ശ്രീകുമാർ ഒളിവിൽ പോവുകയായിരുന്നു.
മാവേലിക്കര പൊലീസ് കൊലപാതകകുറ്റം ചുമത്തി രജിസ്‌റ്റർ ചെയ്‌ത കേസിൽ മറ്റ് പ്രതികളായ പ്രദീപും, ജയചന്ദ്രനും കോടതിയിൽ ഹാജരായി വിചാരണ നടപടികളുമായി മുന്നോട്ടുപോയി. എന്നാൽ, ശ്രീകുമാർ ഒളിവിൽ പോയതിനാൽ മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്‌റ്റ് ആൻഡ് സെഷൻസ് I കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മറ്റ് രണ്ടുപേരുടെ വിചാരണ നടത്തിയിരുന്നു.
ഇതോടെ കോടതി പിടികിട്ടാപ്പുള്ളിയായി വാറണ്ട് പുറപ്പെടുവിച്ചു. എന്നിട്ടും പിടിക്കപ്പെടാതെ 27 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന ശ്രീകുമാറിനെ പിടികൂടുന്നതിനായി ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരായ നടപടി.