കോട്ടയം: മണർകാട് കസ്റ്റഡി മരണത്തിൽ നവാസിന്‍റേത് തൂങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ പല ഭാഗത്തും ചതവേറ്റിട്ടുണ്ട്. ഇത് പിടിവലി മൂലമാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. സിവിൽ പൊലീസ് ഓഫീസർ സെബാസ്റ്റ്യൻ വർഗീസ്, ജിഡി ചാർജ് എഎസ്ഐ പ്രസാദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇരുവരുടെയും ഭാഗത്ത് ശ്രദ്ധകുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പ് തല നടപടി. കോട്ടയം എസ്പി ഹരിശങ്കറാണ് നടപടിയെടുത്തത്.
മണര്‍കാട് സ്വദേശി നവാസിനെയാണ് പൊലീസ് സ്റ്റേഷൻ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാത്രി മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ നവാസിനെതിരെ ഇയാളുടെ സഹോദരൻ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് വൈദ്യപരിശോധനക്ക് ശേഷം നവാസിനെ കസ്റ്റഡിയിലെടുത്തു.
സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് തങ്ങളെ അറിയിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. നവാസിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.