കോട്ടയം: നഗരമധ്യത്തിൽ ചന്തക്കവലയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിലെ പോസ്റ്റിലേയ്‌ക്ക് ഇടിച്ചുകയറി ഡ്രൈവർക്ക് ദാരുണാന്ത്യം. ചോറ്റാനിക്കര സ്വദേശി കനയന്നൂർ രമ്യ നിവാസിൽ മണികണ്‌ഠനാണ് (36 ) മരിച്ചത്. അപകടത്തെ തുടർന്ന് പിക്കപ്പ് വാനിൽ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ബുധനാഴ്‌ച (21.09.2022) പുലർച്ചെ അഞ്ചുമണിയോട് കൂടിയായിരുന്നു അപകടം. കെ കെ റോഡിൽ ജില്ല ആശുപത്രി ഭാഗത്തുനിന്നും എത്തിയ വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
അപകടത്തിൽ പിക്കപ്പ് വാനിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. കോട്ടയം യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് പിക്കപ്പ് പാനിന്‍റെ മുൻഭാഗം വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്.