കോട്ടയം: പാലാ വള്ളിച്ചിറയില്‍ വീട് കുത്തി തുറന്ന് മോഷണം. ഒഴുകയില്‍ ജൂബി ജോർജിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീട്ടിലെ എട്ടോളം സിസിടിവി കാമറകളും മോഷ്ടിച്ചു.
ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ 13 ദിവസമായി മകളുടെ വീട്ടിലാണ്. തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. വീടിന്‍റെ മുന്‍വാതില്‍ വെട്ടിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടിനുള്ളിലെ അലമാരകളെല്ലാം കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ഏതാനും വിദേശ കറന്‍സികളും വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ജാതിപത്രിയും മോഷണം പോയിട്ടുണ്ട്. വീടിനു പുറത്തും അകത്തുമായുണ്ടായിരുന്ന എട്ടോളം സിസിടിവികളും മോഷ്ടിച്ചു. അതേസമയം ഹാര്‍ഡ് ഡ്രൈവ് നഷ്ടമായിട്ടില്ല. മോഷ്ടാവ് വീടിനുള്ളില്‍ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പാലാ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാതില്‍ വെട്ടിപ്പൊളിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കോടാലി പൊലീസ് കണ്ടെടുത്തു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.