കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കോട്ടയം ബിജെപി സ്ഥാനാർഥി മിനർവ മോഹൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇന്ന് രാവിലെ പത്ത് മണിക്കാണ് കോട്ടയം താലൂക്ക് ഓഫീസിൽ വരണാധികാരിക്ക് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്.
മണ്ഡലം ഇൻചാർജ് കെ ജി രാജ്‌മോഹൻ, മണ്ഡലം പ്രസിഡന്‍റ് ടി.ആർ. അനിൽകുമാർ, പി.ഡി. രവീന്ദ്രൻ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് അഖിൽ രവീന്ദ്രൻ, റീബ വർക്കി, എം.എസ്. കരുണാകരൻ, വി.പി. മുകേഷ്, വിനു ആർ. മോഹൻ, സിന്ധു അജിത്, കുസുമലയം ബാലകൃഷ്‌ണൻ എന്നിവർക്കൊപ്പമെത്തിയാണ് മിനർവ മോഹൻ നാമനിർദേശ പത്രിക സമർപ്പിച്ചത്.
വർഷങ്ങളായുള്ള സിപിഎം ബന്ധം ഉപേക്ഷിച്ചാണ് മിനർവ ബിജെപിയിലേക്ക് എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയില്‍ കോട്ടയത്തെ സ്വീകരണ വേദിയിലാണ് മിനർവ ബിജെപി അംഗത്വം സ്വീകരിച്ചത്. സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച മിനർവ മൂന്ന് തവണ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.