കോട്ടയം:നഗരസഭയുടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളെല്ലാം പ്രഹസനമായപ്പോള്‍ കോടിമത പച്ചക്കറി മാര്‍ക്കറ്റിന് സമീപം മാലിന്യം കൂന്നുകൂടുന്നു. നഗരസഭാ പരിധിയില്‍ നിന്നും സംഭരിക്കുന്ന തരംതിരിക്കാത്ത മാലിന്യങ്ങളാണ് ഇവിടെ കുന്നുകൂടുന്നത്. ശുചിത്വ പദവി ലഭിച്ച നഗരസഭയിലാണ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നഗരസഭയുടെ സ്വന്തം വാഹനത്തില്‍ മാലിന്യങ്ങള്‍ മാര്‍ക്കറ്റിൽ തള്ളുന്നത്.
ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കാത്തതിനാല്‍ ഇവയുടെ സംസ്‌കരണം ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഹരിത കര്‍മ്മ സേന സംഭരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന് സമീപമാണ് ശുചീകരണ വിഭാഗം സംഭരിക്കുന്ന വേര്‍തിരിക്കാത്ത മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യങ്ങളിള്‍ നിന്നുള്ള ദുര്‍ഗന്ധവും ആരോഗ്യ ഭീഷണിയും മൂലം ഹരിത കര്‍മ്മസേനാംഗങ്ങളും വലിയ ദുരിതത്തിലാണ്.
അറവുശാല മാലിന്യങ്ങള്‍ അടക്കം ഇവിടെ തള്ളുന്നതിനാല്‍ തെരുവ് നായ ശല്യവുമുണ്ട്. നഗരസഭ ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമാണ്. മാലിന്യങ്ങള്‍ നഗര ഹൃദയത്തില്‍ തന്നെ കുമിഞ്ഞ് കൂടുമ്പോള്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ക്കായി മുടക്കിയ കോടികള്‍ പാഴാകുന്നതിനെതിരെയാണ് പ്രതിഷേധം.