കോട്ടയം: ഇടപാടുകാരെ കബളിപ്പിച്ച് കുടുംബ സമേതം മുങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയേയും ഭാര്യയേയും പൊലീസ് അറസ്റ്റു ചെയ്‌തു. വൈക്കം ടിവി പുരം എസ് എൻ ഫിനാൻസ് ഉടമ സഹദേവൻ ഭാര്യ ബിന്ദു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സഹദേവനും കുടുംബവും തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുന്നതായി പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയോടെ പൊലീസ് സഹദേവനേയും ഭാര്യയേയും സ്റ്റേഷനിൽ എത്തിച്ചു.
ടിവി പുരത്തു നിന്ന് പൊലീസ് വിളിച്ചു വരുത്തിയ പരാതിക്കാരനായ യുവാവ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളുമായി യുവാവ് സംസാരിക്കാൻ ശ്രമിച്ചത് വാക്കുതര്‍ക്കത്തിനിടയാക്കി. സഹദേവനും ഭാര്യ ബിന്ദുവും അയൽക്കാരനായ ടിവി പുരം തൈമുറിയിൽ അശോകനെ കബളിപ്പിച്ച് ആധാരം സഹകരണ ബാങ്കിൽ പണയപ്പെടുത്തി പണം തട്ടിയിരുന്നു. ആധാരം തിരികെ എടുത്ത് നൽകാതെ സഹദേവൻ കുടുംബ സമേതം മുങ്ങിയതിനെ തുടർന്ന് അശോകൻ ജീവനൊടുക്കി.
ഗൃഹനാഥൻ മരണപ്പെട്ടതിനു പിന്നാലെ നിരവധി പേരാണ് പണവും സ്വർണവും നഷ്‌ടപ്പെട്ടതായി ആരോപിച്ച് രംഗത്തു വന്നത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളുടെ ചിത്രമോ പ്രതികളുടെ വിവരങ്ങളോ നൽകാന്‍ പൊലീസ് തയ്യാറായില്ല. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.