കോട്ടയം: എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ 65കാരന് 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം പിഴയും. പയ്യപ്പാടി വെന്നിമല സ്വദേശി തങ്കപ്പനെതിരെയാണ് കോടതി വിധി. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോട്ടയം അഡീഷണല്‍ ജില്ല കോടതി ഒന്ന് (പോക്സോ) ജഡ്‌ജി കെഎന്‍ സുജിത്ത് ഉത്തരവിട്ടു.
2019 മാര്‍ച്ച് മുതല്‍ പലപ്പോഴായാണ് എട്ട് വയസുകാരിയെ പ്രതി പീഡിപ്പിച്ചത്. സ്‌കൂളില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ ആരുമില്ലാത്തതിനാല്‍ അയല്‍വാസിയായ പ്രതിയുടെ വീട്ടില്‍ കളിക്കുന്നതിനും ടിവി കാണുന്നതിനുമിടയിലാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. കുട്ടിയെ പ്രതി സ്വന്തം മുറിയിലേയ്ക്കു വിളിച്ചുവരുത്തിയ ശേഷമാണ് ലൈംഗിക പീഡനത്തിന് ഇരയാരക്കിയതെന്നാണ് കേസ്.
സ്‌ത്രീയുടെ ഇടപെടല്‍ വഴിത്തിരിവായി: പീഡനം തുടരുന്നതിനിടെ ഒരു ദിവസം കുട്ടി വീടിന് പുറത്ത് കളിയ്ക്കുന്നതിനിടെ പ്രതി മുറിയിലേയ്ക്ക് വിളിച്ചു കയറ്റുന്നതിനായി ആംഗ്യം കാണിച്ചു. ഇത് ഒപ്പം കളിക്കുകയായിരുന്ന കുട്ടിയുടെ അമ്മ കണ്ടു. ഇതേ തുടര്‍ന്ന് ഇവര്‍ കുട്ടിയെ വിളിച്ച് കാര്യം തിരക്കിയതോടെയാണ് പീഡന വിവരം പുറത്തായത്.
വീട്ടുകാരാണ് വിവരം ചൈല്‍ഡ് ലൈനിനേയും പൊലീസിനെയും അറിയിച്ചത്. 10 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്‌തരിച്ചത്. 13 പ്രമാണങ്ങളും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എംഎന്‍ പുഷ്‌കരന്‍ ഹാജരായി.