കോട്ടയം : പാലാ സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇതരസംസ്ഥാന സ്വദേശി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ ബള്‍ച്ചറാക്കര്‍ സ്വദേശി ഐനുള്‍ ഹക്ക് (20) ആണ് പിടിയിലായത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ചാണ് കൗമാരക്കാരിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്.
പാലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.പി ടോംസണിന്‍റെ നേതൃത്വത്തിലുള്ള സംഘം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രണയദിനത്തിന്‍റെ പിറ്റേ ദിവസമാണ് കേസിനാസ്‌പദമായ സംഭവം. 17 വര്‍ഷമായി പാലായില്‍ സ്ഥിരതാമസക്കാരാണ് പെണ്‍കുട്ടിയും മാതാപിതാക്കളും. പ്രദേശത്തെ സ്വകാര്യ സ്ഥാപനത്തിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ചെയ്‌തിരുന്നത്.
പിടികൂടിയത് നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്നും
പാലായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയ്ക്ക് പഠനാവശ്യത്തിന് മാതാപിതാക്കള്‍ മൊബൈൽ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഈ മൊബൈല്‍ ഫോണില്‍, കുട്ടി ഉപയോഗിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് പ്രതി അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രണയദിനത്തില്‍ വിവിധ സമ്മാനങ്ങള്‍ നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്‌ദാനം ചെയ്‌ത് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
കൗമാരക്കാരിയെ വീട്ടില്‍ കാണാതായതോടെ മാതാപിതാക്കള്‍ പാലാ ഡി.വൈ.എ്സ്.പി ഷാജു ജോസിന് പരാതി നല്‍കുകയുണ്ടായി. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയും പ്രതിയും കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. റയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്‍റെ കമ്പാര്‍ട്ട്മെന്റിനുള്ളളില്‍ നിന്നാണ് കൗമാരക്കാരിയെയും പ്രതിയെയും പൊലീസ് കണ്ടെത്തിയത്.
ALSO READ: വര്‍ക്ക് ഫ്രം ഹോം ഇനിയില്ല ; ജീവനക്കാര്‍ക്കുള്ള ഇളവ് നിര്‍ത്തലാക്കി സര്‍ക്കാര്‍
പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും കേസ് രജിസ്റ്റര്‍ ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ പ്രതി, നിലവില്‍ റിമാന്‍ഡിലാണ്.