കോട്ടയം : ഓക്‌സിജനുമായി എത്തിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി. കോട്ടയം നഗരമധ്യത്തിൽ എം.സി റോഡിൽ കോടിമത പള്ളിപ്പുറത്തുകാവിന് സമീപത്തായിരുന്നു അപകടം. ബുധനാഴ്‌ച (10.09.22) വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.
ചങ്ങനാശേരിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കോടിമത പാലം കയറി മുന്നോട്ട് വരുന്നതിനിടെ നിയന്ത്രണം നഷ്‌ടമായ ലോറി, റോഡരികിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ തട്ടുകട പൂർണമായും തകർന്നു.
അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. നിരവധി ആളുകൾ കൂടി നിന്ന സ്ഥലത്തേയ്ക്കാണ് ടാങ്കർ ലോറി ഇടിച്ചു കയറിയത്. ഭാഗ്യം കൊണ്ടുമാത്രമാണ് വൻ ദുരന്തം ഒഴിവായത്. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി.