കോട്ടയം: മുളയിൽ ഒരുക്കിയ പഴമയുടെ പുതുരുചിയുമായി ഒരു ചെറുപ്പക്കാരൻ. കൊവിഡും ലോക്ക്ഡൗണും മൂലം ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന്, പുതിയ ജീവിതം മെനഞ്ഞെടുക്കുകയാണ് ചുങ്കം പുല്ലരിക്കുന്ന് പറയണിയിൽ ബൈജുവിന്‍റെ മകൻ ലിജോമോൻ. നാട്ടറിവുകളും പഴമക്കാരിൽ നിന്ന് പകർന്ന് കിട്ടിയ അറിവുകളും സ്വായത്തമാക്കിയ ഈ 23കാരൻ, ആധുനിക കാലത്തെ അടുക്കള ഉപകരണങ്ങൾക്ക് പകരം പരിസ്ഥിതിസൗഹൃദമായി മുളയില്‍ പുട്ടുകുറ്റി, ഗ്ലാസ്, ജഗ് നാഴി മുതലായവ നിർമിച്ചാണ് വ്യത്യസ്‌തനാകുന്നത്.
നിർമാണ രീതി
പച്ചനിറത്തിലുള്ള കല്ലൻ മുളയാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. കട്ടി ലഭിക്കുന്നതിനും ഈട് നിൽക്കുന്നതിനുമാണ് ഇവ തെരഞ്ഞെടുക്കുന്നത്. ഒരു മുളയ്ക്ക് 100 രൂപ എന്ന കണക്കിൽ കോട്ടയം എസ്.എച്ച് മൗണ്ടിൽ നിന്നാണ് മുള ശേഖരിക്കുന്നത്. ഇവ വൃത്തിയാക്കി ആവശ്യമായ വലിപ്പത്തിന് മുറിച്ചെടുക്കും. വിഷാംശം ഇല്ലാതാക്കാനും ഈട് നിൽക്കുന്നതിനും മഞ്ഞളും, ഉപ്പും പുരട്ടി ഇവ പുഴുങ്ങി രണ്ട് ദിവസം ഉണക്കിയെടുക്കാറാണ് പതിവ്.
തുടർന്ന് കട്ടർ മിഷനും സ്‌പാനറും ഉപയോഗിച്ച് ആവശ്യമായ ഉപകരണങ്ങൾ മെനഞ്ഞെടുക്കും. പുട്ടുകുറ്റിയുടെ ചുറ്റിലും വെള്ളത്തിലിട്ട ചക്കരകയർ ചുറ്റും. അടപ്പിനായി ചിരട്ടയാണ് ഉപയോഗിക്കുന്നത്. സാധാരണ ചിൽ തന്നെയാണ് ഇവയ്ക്ക് ഉപയോഗിക്കുന്നത്. കൂടാതെ കുഴയുള്ള ഗ്ലാസ്, വണ്ണം കൂടുതലുളള ജഗ്, നാഴി എന്നിവയും ലിജോ നിർമിക്കുന്നു. പുട്ടുകുറ്റി ഒന്നിന് 300 രൂപ, വാട്ടർ ജഗ് 250, ഗ്ലാസ് 100, നാഴി 120 എന്നിങ്ങനെയാണ് വില. ഇവ ഉപയോഗിച്ചശേഷം ഉണക്കിയെടുത്ത് വീണ്ടും ഉപയോഗിക്കാം.
മുള ഉപകരണങ്ങൾക്ക് ആവശ്യക്കാരേറെ
മുളകൊണ്ടുള്ള ഉപകരണങ്ങൾ നേരത്തേ നിർമിക്കുമെങ്കിലും ഇതാദ്യമായാണ് സ്റ്റാൾ ക്രമീകരിച്ച് വിൽപന നടത്തുന്നതെന്ന് ലിജോ പറയുന്നു. ഇത്തരം പ്രകൃതിസൗഹൃദ നിർമിതികൾക്ക് ആവശ്യക്കാരും ഏറെയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപേരാണ് മുള ഉപകരണങ്ങൾ ആവശ്യപ്പെട്ട് ലിജോയെ സമീപിക്കുന്നത്. മുളയിൽ പാകം ചെയ്യുന്ന ഭക്ഷണം മറ്റ് പാത്രങ്ങളിൽ നിർമിക്കുന്നതിനേക്കാൾ രുചിയും ആരോഗ്യപ്രദവുമാണെന്ന് വാങ്ങി ഉപയോഗിച്ചവർ പറയുന്നു.
ALSO READ: മരത്തിൽ തീർത്ത എൽഇഡി വിളക്കുമായി കോഴിക്കോട് സ്വദേശി ; ഒറ്റ ചാർജിൽ 8 മണിക്കൂർ വരെ വെളിച്ചം
ജോലി നഷ്ടപ്പെട്ട സുഹൃത്തുക്കളെ കൂടി കൂടെ ഉൾപെടുത്തി, ചെറിയ തോതിൽ ബാംബൂ പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിക്കണമെന്നാണ് ലിജോയുടെ ആഗ്രഹം. ഉപകരണങ്ങൾ നിർമിച്ച ശേഷം ഉപയോഗശൂന്യമാകുന്ന മുളയുെട ഭാഗങ്ങളിൽ നിന്ന് അസംസ്‌കൃത വസ്തുക്കൾ നിർമിക്കാനും പദ്ധതിയുണ്ട്. വൈറ്റ് കോളർ ജോലി മാത്രം ചെയ്യാൻ ആഗ്രഹിക്കുന്ന പുതിയ തലമുറയ്ക്ക് മാതൃകകൂടിയാണ് ലിജോ.