കോട്ടയം : പൊതുമേഖല സ്ഥാപനമായ കേരള പേപ്പര്‍ പ്രൊഡക്‌ട്‌സ് ലിമിറ്റഡിന്‍റെ ന്യൂസ് പ്രിന്‍റ് ഉത്‌പാദനം വ്യാഴാഴ്‌ച (മെയ് 19) രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. യൂണിറ്റിന്‍റെ പുനരുദ്ധാരണ പാക്കേജിന്‍റെ ഭാഗമായാണ് ന്യൂസ് പേപ്പര്‍ നിര്‍മാണം ആരംഭിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.
നിലവിലെ പ്ലാന്‍റും യന്ത്രങ്ങളും പുതുക്കുന്നതിന് രണ്ട് ഘട്ടങ്ങളായുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. പേപ്പര്‍ മെഷീന്‍, ഡി -ഇങ്കിങ് പ്ലാന്‍റ്, പവര്‍ ബോയിലറുകള്‍ അനുബന്ധ പ്ലാന്‍റുകള്‍, യുട്ടിലിറ്റി സേവനങ്ങള്‍ എന്നിവ വീണ്ടും ആരംഭിക്കുന്നതായിരുന്നു ഇതിന്‍റെ ആദ്യ ഘട്ടം. ആദ്യ ഘട്ടത്തില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്‍റേഷന്‍ എഞ്ചിനീയറിങ് മേഖലകളിലെ അറ്റകുറ്റ, സംരക്ഷണ ജോലികള്‍ക്കായി 34.30 കോടി രൂപ അനുവദിക്കുകയും ചെയ്‌തു.
ഒന്നാം ഘട്ടത്തിന് അഞ്ച് മാസമായിരുന്നു തുടക്കത്തില്‍ അനുവദിച്ചിരുന്നത്. മെക്കാനിക്കല്‍, കെമിക്കല്‍ പള്‍പ്പിങ് പ്ലാന്‍റുകളുടെ പുനരുദ്ധാരണത്തിനാണ് രണ്ടാം ഘട്ടത്തില്‍ ശ്രദ്ധ നല്‍കിയിരുന്നത്. ഇവയുടെ അനുബന്ധ പ്ലാന്‍റുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആറുമാസ കാലാവധിയും 44.94 കോടി രൂപ ചെലവുമാണ് രണ്ടാം ഘട്ടത്തിനായി നിശ്ചയിച്ചത്.
രണ്ടാം ഘട്ടത്തിന്‍റെ പൂര്‍ത്തീകരണത്തോടെ നിലവിലുള്ള മുഴുവന്‍ സംവിധാനവും പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുകയും പുനചംക്രമണം ചെയ്യുന്ന പള്‍പ്പും മരത്തില്‍ നിന്നുള്ള പള്‍പ്പും ഉപയോഗിച്ച് സ്വന്തമായ പള്‍പ്പുകളിലൂടെ പേപ്പര്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്യാനാണ് വിഭാവനം ചെയ്‌തത്. ഇതോടെ പള്‍പ്പ് വാങ്ങേണ്ട ആവശ്യവും ഒഴിവാക്കാനാവും.
ഒന്നും രണ്ടും ഘട്ടങ്ങളിലെ പ്രവര്‍ത്തന മൂലധനമായ 75.15 കോടി രൂപ അടക്കം 154.39 കോടി രൂപയായിരുന്നു പുനരുദ്ധാരണ പദ്ധതിക്കായി ആകെ വകയിരുത്തിയത്. പുനരുദ്ധാരണ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ കെപിപിഎല്ലിന് 42 ജിഎസ്എം, 45 ജിഎസ്എം ഗ്രാമേജുകളുള്ള ന്യൂസ് പ്രിന്‍റും നോട്ട്ബുക്ക്, അച്ചടി പുസ്‌തക മേഖലകളില്‍ ഉപയോഗിക്കുന്ന അണ്‍ സര്‍ഫസ് ഗ്രേഡ് റൈറ്റിങ്, പ്രിന്‍റിങ് പേപറുകള്‍ എന്നിവയും ഉത്പാദിപ്പിക്കാന്‍ സാധിക്കും.
വ്യാവസായിക, ചെറുകിട മേഖലകളിലായി പാക്കേജിങ്, പേപ്പര്‍ ബോര്‍ഡ് വ്യവസായങ്ങളില്‍ വന്‍ വളര്‍ച്ചയാണ് ആഭ്യന്തര-ആഗോള വിപണികളില്‍ പ്രതീക്ഷിക്കുന്നത്. വളര്‍ന്ന് വരുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും വിധം ദീര്‍ഘകാല നിലനില്‍പ് കണക്കിലെടുത്തുള്ള ഉത്‌പന്ന വൈവിധ്യവല്‍ക്കരണ, ശേഷി വികസന പദ്ധതികളാണ് കെപിപിഎല്‍ മുന്നോട്ടു വെക്കുന്നത്. ഇതിനായി പാക്കേജിങ്, പേപ്പര്‍ ബോര്‍ഡ് മേഖലകളിലും പ്രവര്‍ത്തനം ആരംഭിക്കും ചെയ്യും.
650 കോടി രൂപയുടെ നിക്ഷേപമാണ് മൂന്നാം ഘട്ടത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുക. 27 മാസമാണ് കാലാവധി. നിലവിലുള്ള മെഷിനറികള്‍ പാക്കേജിങ് ഗ്രേഡിലുള്ള ക്രാഫ്റ്റ് പേപ്പര്‍ നിര്‍മിക്കാനായി പുനര്‍ നിര്‍മിക്കുന്നത് കേന്ദ്രീകരിച്ചുള്ള നാലാം ഘട്ടത്തിനായി 350 കോടി രൂപയും നിക്ഷേപിക്കും. 17 മാസമാണ് ഇതിന്‍റെ നടപ്പാക്കലിന് വേണ്ടത്. മൂന്നും നാലും ഘട്ടങ്ങള്‍ക്കായുള്ള നിക്ഷേപം ബാങ്കുകളുടേയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടേയും പിന്തുണയോടെ സമാഹരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആകെ 46 മാസങ്ങളിലായി പൂര്‍ത്തീകരിക്കുന്ന നാലു ഘട്ടങ്ങളും വഴി കെപിപിഎല്ലിനെ ഇന്ത്യന്‍ പേപ്പര്‍ വ്യവസായ രംഗത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായി ഉയര്‍ത്തുകയും 3000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കുകയും (ഇപ്പോഴത്തെ വിപണി വില അനുസരിച്ച്) പ്രതിവര്‍ഷം അഞ്ചു ലക്ഷം മെട്രിക് ടണ്ണിലേറെ ഉത്‌പാദന ശേഷി നേടുകയുമാണ് ലക്ഷ്യം.
മൂന്ന് വര്‍ഷത്തിലേറെയായി അടച്ചുപൂട്ടിക്കിടന്ന പഴയ എച്ച്എന്‍എല്ലിനെ ലിക്വിഡേഷനാണ് കേരള പേപ്പര്‍ പ്രൊഡക്‌ടസ് എന്ന പേരില്‍ കേരള സര്‍ക്കാര്‍ പുനരുദ്ധരിച്ചിരിക്കുന്നത്. വ്യാവസായിക വികസനത്തിന്‍റെ ബദല്‍ മാതൃക നല്‍കുന്ന ഇത് രാജ്യത്തിന് തന്നെ വലിയ സന്ദേശമാണ് നല്‍കുന്നത്. പദ്ധതികള്‍ സമയാധിഷ്‌ഠിതമായി നടപ്പാക്കുമ്പോള്‍ വെല്ലൂരിലെ കെപിപിഎല്‍ കാമ്പസ് രാജ്യത്തെ പേപ്പര്‍ നിര്‍മാണ രംഗത്തെ മുഖ്യ മേഖലകളില്‍ ഒന്നായി മാറുകയും ചരിത്രം സൃഷ്‌ടിക്കുകയുമാണ്.