കോട്ടയം: കോട്ടയം കൂരോപ്പടയിൽ വൈദികന്‍റെ വീട്ടില്‍ നടന്ന മോഷണക്കേസിൽ വൈദികന്‍റെ മകൻ അറസ്റ്റിൽ. തൃക്കോതമംഗലം സെന്‍റ് മേരിസ് ബത്‌ലഹേം പള്ളി വികാരി ഫാ.ജേക്കബ് നൈനാൻ്റെ വീട്ടിൽ നടന്ന മോഷണത്തിൽ വൈദികന്‍റെ മകൻ ഷിനോ നൈനാൻ ജേക്കബാണ് (36) അറസ്റ്റിലായത്. വൈദികന്‍റെ വീട്ടിൽ നിന്നും 50 പവൻ സ്വർണം മോഷ്‌ടിച്ച കേസിലാണ് അറസ്റ്റ്.
ചൊവ്വാഴ്‌ച (09.08.2022) വൈകുന്നേരമായിരുന്നു സംഭവം. വീടിന്‍റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണ് സ്വര്‍ണവും പണവും മോഷ്‌ടിച്ചത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ശാസ്ത്രീയമായ തെളിവെടുപ്പിന്‍റെ അടിസ്ഥാനത്തിൽ വളരെ ചുരുങ്ങിയ ദിവസത്തില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു.
Read more: വൈദികന്‍റെ വീട്ടിലെ മോഷണം; നഷ്‌ടപ്പെട്ട 50 പവനില്‍ 20 പവന്‍ തിരികെ കിട്ടി
തുടർച്ചയായി ലോട്ടറി എടുക്കുന്ന സ്വഭാവമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. കൂടാതെ ഓൺലൈൻ റമ്മി കളിച്ചും ഷിനോയ്‌ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാനായിരുന്നു മോഷണമെന്നാണ് പ്രതിയുടെ മൊഴി. ഇതിനായി വീടിന്‍റെ അടുക്കള കുത്തി തുറന്ന് മോഷണം നടത്തുകയായിരുന്നു.
പ്രതിയിൽ നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തതായി പൊലീസ് കൂട്ടിച്ചേർത്തു. കഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുക്കുട്ടൻ, പാമ്പാടി എസ്.എച്ച്.ഒ പ്രശാന്ത് കുമാർ കെ.ആർ, പള്ളിക്കത്തോട് എസ്.എച്ച്.ഒ പ്രദീപ് എസ്, എസ്.ഐമാരായ ലെബിമോൻ കെ.എസ്, ശ്രീരംഗൻ കെ.ആർ, ജോമോൻ എം. തോമസ്, ബിനോയി എം.എ, രാജേഷ് ജി, എ.എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒമാരായ ജയകൃഷ്‌ണൻ, ഫെർണാണ്ടസ്, സാജു പി. മാത്യു, ജിബിൻ ലോബോ, സുനിൽ പി.സി, ജസ്റ്റിൻ, രഞ്ജിത്ത് ജി, സതീഷ് ടി.ജി, സരുൺ രാജ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.