കോട്ടയം: കനത്തമഴയും വെള്ളം പൊങ്ങിയതും കോട്ടയത്തെ നെൽ കർഷകരുടെ പ്രതീക്ഷകളാണ് തകർത്തത്. കോട്ടയം കുമരകം മേഖലയിൽ 250 ടൺ നെല്ലാണ് വെള്ളത്തിൽ മുങ്ങിയത്. കൊയ്തെടുത്ത നെല്ല് രണ്ടാഴ്‌ചയായി പാടത്തു തന്നെ കിടക്കുകയാണ്. നെല്ല് സംഭരണം വൈകിയതാണ് കർഷകരുടെ വിള നശിക്കാന്‍ കാരണം. പെട്ടെന്ന് വെള്ളം എത്തിയതിനാൽ നെല്ല് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും കഴിഞ്ഞില്ല. കായലിനോട് ചേർന്നുകിടക്കുന്ന പാടശേഖരങ്ങളിൽ വാഹനസൗകര്യം ഇല്ലാത്തതിനാല്‍ ഇവിടെ നിന്നും വള്ളത്തിൽ കയറ്റി നെല്ല് പുറത്ത് എത്തിക്കണം.
തിരുവാർപ്പ് ഭാഗത്ത് റോഡു പണി നടക്കുന്നതിനാൽ കരമാർഗം നെല്ല് കൊണ്ടുപോകാനും കഴിയില്ല. ഇറമ്പം ഭാഗത്തെ പാടശേഖരങ്ങളിൽ 40 ലോഡ് നെല്ല് കൊയ്‌ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇപ്പോഴെങ്കിലും നെല്ല് സംഭരിക്കുകയാണെങ്കിൽ കുറച്ച് നെല്ലെങ്കിലും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കർഷകർ. നെല്ല് കൂട്ടിയിട്ട് പ്ലാസ്റ്റിക് ചാക്കുകൊണ്ട് മൂടിയിരിക്കുകയാണ് ഇവിടെ. അടിഭാഗത്ത് വെള്ളം കെട്ടി നിൽക്കുന്നുമുണ്ട്. നനവ് ഉള്ളതിനാൽ അധിക ദിവസം ഈ നില തുടരാനാവില്ല.
മഴ തുടരുന്നതിനാൽ നെല്ല് വിൽക്കാനോ ഉണക്കിയെടുക്കാനോ കഴിയില്ല. ഇത്തവണ കാര്യമായ വിളവും കർഷകർക്ക് കിട്ടിയില്ല. ഏക്കറിനു 10 ഉം 15 ഉം ക്വിന്‍റലാണ് പലർക്കും കിട്ടിയത്. കിട്ടിയ നെല്ല് സംഭരിക്കാൻ സപ്ലൈകോ നടപടിയെടുക്കാത്തതിനാൽ കർഷകർ കടക്കെണിയിലായിരിക്കുകയാണ്. കൊയ്‌ത നെല്ല് നശിക്കുന്നത് നോക്കി കണ്ണീരൊഴുക്കുകയാണ് കർഷകർ.