കോട്ടയം: മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ ഒമ്പത് പെൺകുട്ടികളെ ഇലഞ്ഞിയിൽ നിന്നും കണ്ടെത്തി. കോട്ടയത്തുനിന്നും കൂത്താട്ടുകുളം വഴിയുള്ള ബസിൽ യാത്ര ചെയ്‌ത് ഇലഞ്ഞിയിൽ എത്തിയ ഇവരെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 5.30 നാണ് മാങ്ങാനത്തെ സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്ന് പോക്‌സോ കേസ് ഇരകളടക്കം ഒമ്പത് പേരെ കാണാതായത്.
കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. പോക്സോ കേസിലെ അതിജീവിതകളെ പാർപ്പിക്കാൻ വനിത ശിശു വികസന വകുപ്പിൻ്റെ നിർഭയ സെല്ലിൻ്റെ സഹായത്തോടെയാണ് ഷെൽട്ടർ ഹോം പ്രവർത്തിക്കുന്നത്. ഏതാനും നാളുകൾക്ക് മുമ്പും ഇവിടെ നിന്നും പോക്സോ കേസിലെ അഞ്ച് പെൺകുട്ടികൾ സമാന രീതിയിൽ കാണാതായിരുന്നു.
പെൺകുട്ടികളെ കണ്ടെത്തിയെങ്കിലും ഇവർ പുറത്തുകടക്കാൻ ഉണ്ടായ സാഹചര്യം, ഷെൽട്ടർ ഹോമിലെ സുരക്ഷ വീഴ്‌ച ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.